Latest News

കര്‍ണാടകയില്‍ മലയാളി ലോറി ഡ്രൈവറെ ആക്രമിച്ച് കവര്‍ച്ച

കല്‍പറ്റ: കര്‍ണാടകയില്‍ രാത്രിയാത്രയ്ക്കിടെ മലയാളി ലോറി ഡ്രൈവറെ ആക്രമിച്ച് കവര്‍ച്ച. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ വയനാട് കമ്പളക്കാട് സ്വദേശി ആലഞ്ചേരി ഷമീറി(36)നെ മാണ്ഡ്യ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com] 

ചൊാവ്വാഴ്ച പുലര്‍ച്ച തുമകുരു ജില്ലയിലെ ഹുലിയൂര്‍ ദുര്‍ഗയിലാണ് സംഭവം. വയനാട്ടില്‍നിന്നു കുനിഗലിലേക്ക് ഇന്റര്‍ലോക്ക് കട്ടകള്‍ എടുക്കാനായി ലോറിയില്‍ തനിച്ച് പോവുകയായിരുന്നു. ഹുലിയൂര്‍ ദുര്‍ഗ എത്തിയപ്പോള്‍ ആയുധങ്ങളുമായി ബൈക്കുകളിലെത്തിയ സംഘം ലോറി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഘം ഷമീറിന്റെ കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്തു. 

ലോറിക്കു നേരെയും അതിക്രമം നടത്തി. അക്രമികളില്‍ നിന്നു രക്ഷപ്പെട്ട് സമീപത്തെ വീട്ടിലാണ് യുവാവ് അഭയം തേടിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹുലിയൂര്‍ ദുര്‍ഗ പോലിസെത്തി ഷമീറിനെ ആശുപത്രിയിലെത്തിച്ചു. 15,000 രൂപയും രണ്ടു മൊബൈല്‍ ഫോണും കവര്‍ന്നതായി ഷമീര്‍ പരാതിപ്പെട്ടു. ലോറിയില്‍നിന്നു ഡീസല്‍ ഊറ്റിയെടുക്കുകയും ചെയ്തു. 

തലയ്ക്കും വലതു കണ്ണിനും ഗുരുതരമായി പരിക്കേറ്റ ഷമീറിനെ വിദഗ്ധ ചികില്‍സക്കായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാനപാതയില്‍ കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ച് രാത്രിയാത്രയ്ക്കിടെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.