Latest News

ഒളിക്യാമറ വിവാദം ; എം.കെ.രാഘവനെതിരെ കേസെടുക്കാൻ ഡിജിപി നിയമോപദേശം തേടി

കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം ശനിയാഴ്ച. വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി.[www.malabarflash.com]

അഡ്വക്കറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയിലാണ് നടപടി. പരാതി അന്വേഷിക്കാന്‍ ഡിജിപി കണ്ണൂര്‍ റേഞ്ച് ഐജിയെ ചുമതലപ്പെടുത്തിയിരുന്നു.

ഒളിക്യാമറ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോർട്ട്.

മുമ്പ് സംഭവത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് രാഘവന് രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തിരക്കുകളുണ്ടെന്ന് കാണിച്ച് മൊഴി നല്‍കാതെ വിട്ടു നിന്ന രാഘവന്‍ ഒടുവില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയിരുന്നു. ഇത് കൂടാതെ എം കെ രാഘവന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. രാഘവനെതിരെ വിവാദം ശക്തമായ സാഹചര്യത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ നി‍ർദ്ദേശപ്രകാരമാണ് പോലീസ് നടപടി. കമ്മീഷന് നൽകിയ പരാതികൾ കമ്മീഷൻ ഡിജിപിക്ക് കൈമാറിയിരുന്നു.

തിരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണ് ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍ പ്രതിനിധികള്‍ എം.കെ. രാഘവനെ കണ്ടത്. 

ഇടപാടിനു മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്നും വാഗ്ദാനം നല്‍കി. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചുവെന്നുമാണു ചാനലിന്റെ അവകാശവാദം. എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിചമച്ചതാണു ദൃശ്യങ്ങളെന്ന് എം.കെ. രാഘവന്‍ ആരോപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.