Latest News

പൂരക്കളി മറുത്തുകളി രംഗത്തെ മികവിനു നീലേശ്വരം വാഴക്കോടൻ രാജീവൻ പണിക്കർക്ക് വീരശൃംഖല

കാഞ്ഞങ്ങാട് : പൂരക്കളി മറുത്തുകളി രംഗത്തെ പരമോന്നത ബഹുമതിയായ വീരശൃംഖല നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ വാഴക്കോടൻ രാജീവൻ പണിക്കർക്ക്. ഇരു രംഗങ്ങളിലെയും മികവിനു പ്രമുഖ യാദവസമുദായ കഴകമായ മുളവന്നൂർ കഴകമാണു വീരശൃംഖ സമ്മാനിച്ച് ആദരിക്കുന്നത്. [www.malabarflash.com]

30 വർഷമായി പൂരക്കളി- മറത്തുകളി രംഗത്തു സജീവ സാന്നിധ്യമാണു രാജീവൻ പണിക്കർ. നീലേശ്വരം രാജാസ് സ്‌കൂൾ വിദ്യാഭ്യാസത്തിനിടെ സംസ്‌കൃത ഭാഷയുടെ ബാലപാഠങ്ങൾ പഠിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഉപ്പിലിക്കൈ പി.പി.കുഞ്ഞപ്പ പൊതുവാളിൽ നിന്നു ഗുരുകുല സമ്പ്രദായത്തിൽ സംസ്‌കൃത പഠനം തുടർന്നു.
മറുത്തുകളി രംഗത്തെ കുലപതി പിലിക്കോട് പി.പി.മാധവൻ പണിക്കരിൽ നിന്നു കാവ്യം, തർക്കം, വേദാന്തം, അലങ്കാരം, വ്യാകരണം, ജ്യോതിഷം, സംസ്‌കൃത സാഹിത്യ ഗ്രന്ഥങ്ങൾ എന്നിവ പഠിച്ചു. വ്യാകരണശിരോമണി ഒ.കെ.മുൻഷി ചെറുകുന്നിൽ നിന്നു സംസ്‌കൃ വ്യാകരണം, കേരള പൂരക്കളി അക്കാദമി ചെയർമാൻ ഡോ.സി.എച്ച്.സുരേന്ദ്രൻ നമ്പ്യാരിൽ നിന്നു സാഹിത്യം, കാലടി സംസ്‌കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രം ഡയറക്ടർ ഡോ.ഇ.ശ്രീധരനിൽ നിന്നു അലങ്കാര- തർക്ക ശാസ്ത്രങ്ങൾ എന്നിവയിൽ ഉപരി പഠനം നേടി.
പയ്യന്നൂർ എടനാട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലായിരുന്നു മറുത്തുകളി അരങ്ങേറ്റം. ഈ ക്ഷേത്രത്തിൽ കളിക്കുമ്പോൾ കണ്ണൂർ ചിറയ്ക്കൽ കോവിലകം വലിയരാജാവ് പട്ടും വളയും നൽകി ആദരിച്ചു. കയ്യൂർ ആലന്തട്ട പുതിയടത്തറ കാനക്കര ഭഗവതി ക്ഷേത്രം, പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രം, മോനാച്ച ഭഗവതി ക്ഷേത്രം, നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം, പയ്യന്നൂർ കാപ്പാട്ട് കഴകം മുളവന്നൂർ കഴകം എന്നിവിടങ്ങളിൽ മറുത്തുകളി പണിക്കരായി സേവനം അനുഷ്ഠിച്ചു .

പടിഞ്ഞാറ്റംകൊഴുവലിലെ പരേതരായ പയങ്ങപ്പാടൻ നാരായണന്റെയും വാഴക്കോടൻ യശോദയുടെയും മകനാണ്.
15 നു രാവിലെ 11.15 നുള്ള ശുഭമുഹൂർത്തത്തിൽ ആലമ്പാടി പടിഞ്ഞാറ്റയിൽ വാസുദേവ തന്ത്രി, ഇരിവൽ ഐ.കെ.കേശവ തന്ത്രി, മുളവന്നൂർ കഴകം മൂത്തായർ മുളവനി കൃഷ്ണൻ ചെന്തളം എന്നിവർ ചേർന്നു വീരശൃംഖല ചാർത്തി ആദരിക്കും. ഉച്ചയ്ക്ക് ചേരുന്ന അനുമോദന യോഗം അഖിലകേരള യാദവസഭ സംസ്ഥാന പ്രസിഡന്റ് വയലപ്രം നാരായണൻ ഉദ്ഘാടനം ചെയ്യും. മറുത്തുകളി കുലപതി പി.പി.മാധവൻ പണിക്കർ പിലിക്കോട് അനുഗ്രഹ പ്രഭാഷണം നടത്തും. മുളവന്നൂർ കഴകം സേവാസമിതി പ്രസിഡന്റ് മുളവനി ബാലകൃഷ്ണൻ വയമ്പ് അധ്യക്ഷത വഹിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.