Latest News

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരായ പരാതി ജില്ലാ കളക്ടര്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും

കാസര്‍കോട്: കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ എല്‍.ഡി.എഫ് നല്‍കിയ പരാതി ജില്ലാ കളക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കൈമാറും. മതവികാരം ഇളക്കിവിട്ട് ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാണ് എല്‍.ഡി.എഫിന്റെ പരാതി.[www.malabarflash.com]

ഉണ്ണിത്താന്‍ ചട്ടലംഘനം നടത്തിയെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറാനുള്ള തീരുമാനം. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനവും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ എട്ടിന് പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട അരവഞ്ചാല്‍ എന്ന സ്ഥലത്ത് ഉണ്ണിത്താന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവ നല്‍കിക്കൊണ്ടാണ് എല്‍ഡിഎഫ് ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഇതുസംബന്ധിച്ച പ്രാഥമിക പരിശോധന നടത്താന്‍ എഡിഎമ്മിനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി കൈമാറാനുള്ള തീരുമാനം.

മതവികാരം ഇളക്കിവിട്ട് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ണിത്താന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് പരാതി. ശബരിമല വിഷയം പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലംഘിച്ചുവെന്നും എല്‍ഡിഎഫ് പരാതിയില്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഓഫീസറാവും പരാതിയില്‍ അന്തിമ തീരുമാനമെടുക്കുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.