Latest News

യുഎഇയിലേക്ക് കുടുംബ വിസ കിട്ടാന്‍ ഇനിമുതൽ വരുമാനം നോക്കണം

അബുദാബി: പ്രവാസികൾക്ക് കുടുംബാംഗങ്ങളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്നതിന് ഇനിമുതൽ വരുമാനമായിരിക്കും മാനദണ്ഡം. ഇതുവരെ പ്രവാസിയുടെ തൊഴിലായിരുന്നു ഇതിനുള്ള അടിസ്ഥാനം.[www.malabarflash.com] 

ഞായറാഴ്ച ചേർന്ന യു.എ.ഇ. മന്ത്രിസഭായോഗമാണ് വിദേശികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യുന്നതിനുള്ള വ്യവസ്ഥ ഭേദഗതി ചെയ്തുള്ള നിയമത്തിന് അംഗീകാരം നൽകിയത്.

വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിദേശികൾക്ക് ഇനിമുതൽ കുടുംബാംഗങ്ങളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരാം. ചുരുങ്ങിയ വരുമാനപരിധി എത്രയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ലോകരാജ്യങ്ങളിലെ പുതിയ സാഹചര്യങ്ങൾ പരിഗണിച്ചും മാറിയ തൊഴിൽ അന്തരീക്ഷം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ വ്യവസ്ഥ.

യു.എ.ഇ.യിൽ താമസിക്കുന്ന വിദേശികളുടെ കുടുംബസുരക്ഷ ഉറപ്പുവരുത്താൻ ഉതകുന്നതാണ് പുതിയ നിയമഭേദഗതിയെന്ന് മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വിശദീകരിച്ചു. വിദേശികൾക്ക് നല്ല തൊഴിൽ അന്തരീക്ഷവും മികച്ച വ്യക്തിജീവിതവും ഉറപ്പിക്കാൻ ഭേദഗതി ഉപകരിക്കും.




വിദേശികളുടെ കുടുംബാംഗങ്ങൾക്ക് യു.എ.ഇ.യിൽ ജോലി കണ്ടെത്താൻ കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇവർ തൊഴിൽ ചെയ്യാൻ തുടങ്ങിയാൽ കൂടുതൽ പേരെ വിദേശത്തുനിന്ന് കണ്ടെത്തേണ്ടിവരില്ല എന്നത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.




അതേസമയം കൂടുതൽ മികവുള്ളവരെ രാജ്യത്തേക്ക് ആകർഷിക്കാനും അവർക്ക് ആരോഗ്യകരമായ കുടുംബജീവിതം ഉറപ്പാക്കാനും പുതിയ വ്യവസ്ഥ വഴിയൊരുക്കുമെന്നും പ്രസ്താവന പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.