Latest News

യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോള്‍ ആടിയുലഞ്ഞ ആലപ്പുഴ; ഫോട്ടോ ഫിനിഷില്‍ ആരിഫ്

ആലപ്പുഴ: കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോള്‍ ആടിയുലഞ്ഞ ആലപ്പുഴ അവസാനം ആരിഫിനൊപ്പം നിന്നു. ഏറ്റവും കൂടുതല്‍ വീറും വാശിയുമുള്ള മത്സരം കണ്ട മണ്ഡലം. തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞു,  എല്‍.ഡി.എഫ് വിശ്വസ്തതയോടെ കളത്തിലിറങ്ങിയ എ.എം ആരിഫ് ഒടുവില്‍ ഫോട്ടോ ഫിനിഷില്‍ വിജയം കണ്ടു, അതും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് (10474).[www.malabarflash.com]

വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ എ എം ആരിഫിന് 445970 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ അക്കൗണ്ടിലെത്തിയത് 435496 വോട്ടുകളാണ്. 187729 വോട്ടുകള്‍ നേടി ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.

നിയമസഭയിലേക്ക് ജയിപ്പിച്ചു വിട്ട അരൂര്‍ കൈവിട്ടപ്പോള്‍ ചേര്‍ത്തലയില്‍ ലഭിച്ച പതിനാറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ആരിഫിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
62370 വോട്ടുമായി കായംകുളവും ആരിഫിനൊപ്പം നിന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ ഹരിപ്പാട് ഷാനിമോളെ പിന്തുണച്ചു. ആലപ്പുഴയും അമ്പലപ്പുഴയും കരുനാഗപ്പള്ളിയും നേരിയ മുന്‍തൂക്കും യു.ഡി.എഫിന് നല്‍കി. എന്നാല്‍ ചേര്‍ത്തലയില്‍ ആരിഫ് നേടിയ മുന്‍തൂക്കത്തെ മറികടക്കാന്‍ ഈ മണ്ഡലങ്ങളിലെ നേരിയ ലീഡ് കൊണ്ട് യു.ഡി.എഫിന് കഴിഞ്ഞില്ല.

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 80,000-ല്‍ ഏറെ വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളാണ് അരൂര്‍, ചേര്‍ത്തല, ആലപ്പുഴ എന്നിവ. അമ്പലപ്പുഴയില്‍ 63,039 വോട്ടുകളും കായംകുളത്ത് 72,980 വോട്ടുകളും കരുനാഗപ്പള്ളിയില്‍ 69902 വോട്ടുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എല്‍ഡിഎഫ് ശക്തമായ ഭൂരിപക്ഷം നേടിയിരുന്ന മണ്ഡലങ്ങളാണ് അരൂരും ആലപ്പുഴയും.
ഒപ്പം കെ.സി വേണുഗോപാലിനെപ്പോലെ ശക്തനായ ഒരു പോരാളിയെ പ്രതീക്ഷിച്ചിടത്ത് ഷാനിമോള്‍ ഉസ്മാന്‍ എത്തിയതോടെ ആരിഫിന് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും രമേശ് ചെന്നിത്തലയുടെ കോട്ടയായ ഹരിപ്പാട് ഒഴികെയുള്ള ആറു മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഥ മാറി.
 2009-ല്‍ എല്‍.ഡി.എഫിന്റെ കെ.എസ് മനോജിനെതിരേ 57635-ന്റെ വോട്ടിനാണ് കെ.സി വേണുഗോപാല്‍ വിജയിച്ചു കയറിയത്. എന്നാല്‍ 2014-ല്‍ വേണുഗോപാലിന്റെ ലീഡ് കുറഞ്ഞു. സി.ബി ചന്ദ്ര ബാബുവിനെതിരേ 19407 വോട്ടിന്റെ ലീഡ് മാത്രമാണ് വേണുഗോപാലിന് രണ്ടാം അങ്കത്തില്‍ നേടാനായത്.

ഇത്തവണയും വേണുഗോപാലിനെത്തന്നെ ആലപ്പുഴയില്‍ മത്സരിപ്പിച്ചേക്കുമെന്നായിരുന്നു തുടക്കത്തിലുള്ള അഭ്യൂഹമെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചുമതലയുമായി ബന്ധപ്പെട്ട് അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്‍മാറി. കെ.സി വേണുഗോപാലില്‍ നിന്നും സീറ്റ് പിടിച്ചെടുക്കുന്നതിനുവേണ്ടിയാണ് അരൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയും ശക്തമായ ഭൂരിപരക്ഷത്തില്‍ നിയമസഭയിലെത്തിയ എ.എം ആരിഫിനെ സിപിഐഎം തീരുമാനിച്ചത്.

നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണവും ആരംഭിച്ചു. കെ.സി വേണുഗോപാല്‍ പിന്‍മാറിയതോടെ തല്‍സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് ഷാനിമോള്‍ ഉസ്മാന്‍ ആണ്.
കെ.സി വേണുഗോപാലിന് ഷാനിമോള്‍ ഉസ്മാന്‍ യഥാര്‍ത്ഥ പകരക്കാരിയാകുമോ എന്ന ആശങ്ക പൊതുവെ ഉണ്ടായിരുന്നു.

2006 ല്‍ പെരുമ്പാവൂരില്‍ നിന്നും 2016 ല്‍ ഒറ്റപ്പാലത്തുനിന്നും നിയമസഭയിലേക്ക് മത്സരിച്ച ഷാനിമോള്‍ രണ്ട് തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ വയനാടിനെയാവും പ്രതിനിധീകരിക്കുക എന്ന സംസാരങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഏറെ വൈകി ഷാനിമോള്‍ ഉസ്മാനെ ആലപ്പുഴയുടെ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് പ്രഖ്യാപിക്കുകയായിരുന്നു.

കോണ്‍ഗ്രസ് വിട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ അംഗത്വമെടുക്കുകയും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്ത കെ.എസ്. രാധാകൃഷ്ണന് ആലപ്പുഴ മണ്ഡലത്തില്‍ സ്വീകാര്യനാവാന്‍ സാധിക്കില്ല എന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. കാരണം മുമ്പൊരിക്കലും ബിജെപിയുടെ ഭാഗത്ത് നിന്ന് ഒരു മുന്നേറ്റം ആലപ്പുഴയില്‍ ഉണ്ടായിട്ടില്ല.

ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമായിരുന്നു എല്‍ഡിഎഫിന് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തിയത്. യുഡിഎഫും ബിജെപിയും എല്‍ഡിഎഫിനെതിരേ ഉയര്‍ത്തിയ പ്രധാന വിഷയവും അത് തന്നെയായിരുന്നു. ഈ സാഹചര്യത്തില്‍ ആലപ്പുഴയുടെ തീരദേശ മേഖലയിലെ പോളിങ് കുതിച്ചുയര്‍ന്നത് ആശങ്ക ഉയര്‍ത്തുന്നതായിരുന്നു.

ഈ മേഖലകളില്‍ ഏറ്റവും കൂടുതലായി താമസിക്കുന്ന ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരും ധീവര വിഭാഗങ്ങളുമാണ് ഇങ്ങനെ ഒരു കുതിപ്പിനിടയാക്കിയത്. പലയിടങ്ങളിലും 80 ശതമാനത്തിലേറെ പോളിങാണ് രേഖപ്പെടുത്തിയത്.

 2016 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.സി വേണുഗോപാലിന് ലഭിച്ചത് ആകെ 4,62,525 വോട്ടുകള്‍. 19,407 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വേണുഗോപാലിന്റെ വിജയം. സിപിഎം സ്ഥാനാര്‍ത്ഥി സിബി. ചന്ദ്രബാബുവിന് 4,43,118 വോട്ടുകള്‍ ലഭിച്ചു. ബിജെപിയ്ക്ക് ലഭിച്ചത് 43,051 വോട്ടാണ്. എന്നാല്‍ ഇത്തവണ കണക്കുകളെല്ലാം എ.എം ആരിഫിന് ഒപ്പമായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.