Latest News

സംസ്ഥാനത്തെ 300 പഞ്ചായത്തുകള്‍ വിഭജിച്ചേക്കും

കാഞ്ഞങ്ങാട്: 2020ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പായി സംസ്ഥാനത്തെ 300 പഞ്ചായത്തുകള്‍ വിഭജിച്ചേക്കും. തദ്ദേശസ്വയംഭരണ വകുപ്പ് സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് പഞ്ചായത്തുകള്‍ വിഭജിക്കുന്നത്. നിശ്ചിത ജനസംഖ്യയില്‍ വര്‍ധനയുണ്ടായ പഞ്ചായത്തുകളായിരിക്കും ഇങ്ങനെ വിഭജിക്കപ്പെടുക.[www.malabarflash.com]

പഞ്ചായത്തിലെ ശരാശരി ജനസംഖ്യ 27,430 ആയി നിജപ്പെടുത്തണമെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് സമിതിയുടെ ശുപാര്‍ശ. ഇത് സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറക്ക് 32,000 ത്തിനു മുകളില്‍ ജനസംഖ്യയുള്ള 300 പഞ്ചായത്തുകള്‍ വിഭജിക്കേണ്ടി വരും. ഇതില്‍ 30 പഞ്ചായത്തുകളില്‍ 50,000 ത്തിനു മുകളിലാണ് ജനസംഖ്യ. 135 പഞ്ചായത്തുകളില്‍ 40,000 നുമുകളിലുമാണ്.

 ഇങ്ങനെ വരികയാണെങ്കില്‍ ജില്ലയിലെ 30,000ത്തിനു മുകളില്‍ ജനസംഖ്യയുള്ള പനത്തടി, തൃക്കരിപ്പൂര്‍, ചെമ്മനാട്, ചെങ്കള, കുമ്പള, അജാനൂര്‍, പള്ളിക്കര, ഉദുമ, വെസ്റ്റ്എളേരി എന്നീ പഞ്ചായത്തുകളായിരിക്കും വിഭജിക്കുക.

2015 ലാണ് വിഭജനം പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. പുതിയ മുനിസിപ്പാലിറ്റി രൂപീകരണത്തെ സമിതി എതിര്‍ക്കുന്നുണ്ട്. അതേസമയം, ഒരു ബ്ലോക്കില്‍ മൂന്നു പഞ്ചായത്തുകളായി ചുരുക്കണമെന്നും പറയുന്നുണ്ട്. സംസ്ഥാനത്ത് നിലവില്‍ ആറു കോര്‍പ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 941 ഗ്രാമ പഞ്ചായത്തുകളുമാണുള്ളത്. 

പഞ്ചായത്ത് വിഭജനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനാണ് മുഖ്യ കാര്‍മികത്വം. തെരഞ്ഞെടുപ്പിനു മുന്‍പ് വിഭജനത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ പഞ്ചായത്ത് വിഭജനം ഉണ്ടാവാനാണ് സാധ്യത. മലബാറിനെയാണ് പഞ്ചായത്ത് വിഭജനം കൂടുതല്‍ ബാധിക്കുകയെന്നാണ് സൂചന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.