Latest News

പൊതു വിദ്യാഭ്യാസം ഇക്കൊല്ലം മുതൽ ഒരു കുടക്കീഴിൽ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ പ്രീ പ്രൈമറി മുതൽ പ്ലസ് വൺ ഉൾപ്പടെയുള്ള ഹയർ സെക്കൻഡറി സ്കൂളുകളും ഒരേ ദിവസം ( ജൂൺ 3ന്) തുറക്കുന്നതിന് പിന്നാലെ, ഇക്കൊല്ലം 12-ാം ക്ലാസ് വരെയുള്ള പൊതു വിദ്യാഭ്യാസവും ഒരു കുടക്കീഴിലാവും.[www.malabarflash.com]

നിലവിലുള്ള സ്കൂൾ വിദ്യാഭ്യാസ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകളാണ് ലയിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡയറക്ടറേറ്ര് ഒഫ് ജനറൽ എഡ്യൂക്കേഷൻ- ഡി.ജി.ഇ) ആയി മാറുന്നത്.ഒരു ഡയറക്ടറുടെ കീഴിൽ പ്രൈമറി, സെക്കൻഡറി, പരീക്ഷാ വിഭാഗങ്ങൾക്കായി വെവ്വേറെ ജോയിന്റ് ഡയറക്ടമാരുണ്ടാവും. 

ഡി,പി.ഐ ആയിരിക്കെ,ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസറായി നിയമിതനായ ജീവൻ ബാബു ഏകീകൃത ഡയറക്ടറേറ്രിന്റെ മേധാവിയായി നിയമിക്കപ്പെടാനാണ് സാദ്ധ്യത. മൂന്ന് ഡയറക്ടറേറ്രുകളുടെയും ലയനവും ജീവനക്കാരുടെ പുനർ വിന്യാസവും സംബന്ധിച്ച നടപടികൾ 20ന് അദ്ധ്യാപക സംഘടനാ നേതാക്കളുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം ആരംഭിക്കും.

അദ്ധ്യാപക സംഘടനകളുടെ പൂർണ സഹകരണം ലഭിച്ചാൽ ഏകീകൃത ഡയറക്ടറേറ്റ് സ്കൂളുകൾ തുറക്കുന്ന ദിവസം തന്നെ യാഥാർത്ഥ്യമാക്കാനാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 

ലയന നടപടികൾ വരുന്ന അദ്ധ്യയന വർഷം അവസാനത്തോടെ പൂ‌ർത്തിയാവും. അതുവരെ, നിലവിലെ ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ഓഫീസുകളായി തുടരും.

പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി,രവീന്ദ്രനാഥ്
സ്കൂൾ മേധാവി
പ്രിൻസിപ്പൽ
ഒന്ന് മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്കൂൾ പ്രിൻസിപ്പലും ഹെഡ് മാസ്റ്റ‌ർ വൈസ് പ്രിൻസിപ്പലുമാവും. ഹയർ സെക്കൻഡറി വിഭാഗം ഇല്ലാത്ത ഹൈസ്കൂളുകളിലും യു.പി,എൽ.പി സ്കൂളുകളിലും ഹെഡ്മാസ്റ്റർ തസ്തിക തൽക്കാലം തുടരും ഇതും പ്രിൻസിപ്പൽ തസ്തികയാക്കി മാറ്റണമെന്നാണ് ഡോ.എം.എ.ഖാദർ കമ്മിഷന്റെ ശുപാ‌ർശ.

പരീക്ഷാബോർഡും ഒന്ന്
നിലവിലുള്ള എസ്.എസ്.എൽ സി,ഹയർ സെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഭവനുകൾ ലയിപ്പിച്ച് പുതിയ സംവിധാനത്തിൽ ബോർഡ് ഒഫ് സ്കൂൾ എക്സാമിനേഷൻസ് എന്ന പേരിൽ ഒരു ബോർഡായി മാറും.പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടറാവും മേധാവി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.