Latest News

നെയ്യാറ്റിന്‍കര ആത്മഹത്യ: ആദ്യം പഴി ബാങ്കിന്, കുറിപ്പില്‍ തെളിഞ്ഞത് പീഡനവും മന്ത്രവാദവും നരക ജീവിതവും

തിരുവനന്തപുരം: ചൊവ്വാഴ്ച ഉച്ചയോടെയാണ് നെയ്യാറ്റിന്‍കരയില്‍ ലേഖയും മകൾ വൈഷ്ണവിയും വീടിനുള്ളിൽ തീ കൊളുത്തിയത്. കിട്ടാക്കടം തിരിച്ചടക്കാനുള്ള സമയപരിധി ചൊവ്വാഴ്ച തീരാനിരിക്കെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. എല്ലാറ്റിനും കാരണം ബാങ്കിന്റെ സമ്മർദ്ദമെന്ന് മാധ്യമങ്ങളോടും പോലീസിനോടും ആദ്യം പറഞ്ഞത് ലേഖയുടെ ഭർത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയുമായിരുന്നു.[www.malabarflash.com] 

പണമടയ്ക്കണ്ട അവസാന ദിവസമായിരുന്ന ചൊവ്വാഴ്ച രാവിലെ മുതല്‍ ബാങ്കില്‍ നിന്നുള്ള ആളുകള്‍ പണമടയ്ക്കാന്‍ നിര്‍ബന്ധിച്ച് വിളിച്ച് ലേഖയേയും മകളേയും സമ്മര്‍ദത്തിലാക്കിയെന്ന് കൃഷ്ണമ്മ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുടുംബത്തില്‍ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് ചന്ദ്രനും കൃഷ്ണമ്മയും എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ബന്ധുക്കളും അയൽവാസികളും ചൊവ്വാഴ്ച കുടുംബപ്രശ്നങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതോടെയാണ് കാനറാ ബാങ്കിനെതിരെ പ്രതിഷേധം അണപൊട്ടിയത്.

വായ്പ തിരിച്ചടവിനുള്ള രേഖയിൽ മകളുടേയും ഒപ്പ് ബാങ്ക് അധികൃതർ വാങ്ങിയിരുന്നുവെന്നും. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതർ നിർബന്ധിച്ചുവെന്നും ചന്ദ്രൻ ബുധനാഴ്ച രാവിലെയും ആരോപണം ഉയര്‍ത്തി. എന്നാല്‍ മകൾ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ രാവിലെ തന്നെ വിശദമാക്കിയിരുന്നു. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്‍റെ ഒപ്പ് വാങ്ങിയതെന്നും ഇതിന് സാക്ഷിയായി പോലും ബാങ്ക് പ്രതിനിധികൾ ഉണ്ടായിരുന്നില്ലെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തിരുന്നു.

മൊറട്ടോറിയം പ്രഖ്യാപിച്ചും ബാങ്കിന്റെ ജപ്തി നടപടിയുമായി മുന്നോട്ട് പോയെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. ചന്ദ്രന്റെ വീട്ടിന് മുന്നിലെ റോഡും ബാങ്കും നാട്ടുകാർ ഉപരോധിച്ചു. വിവിധയിടങ്ങളില്‍ കാനറ ബാങ്കിന്റെ ശാഖകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബാങ്ക് മാനേജർക്കെതിരെ കേസ് എടുക്കണമെന്ന് ചൊവ്വാഴ്ച പോലീസിന് മേൽ പ്രതിഷേധക്കാരുടെ സമ്മർദ്ദമുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധന വരെ കാത്തിരിക്കണമെന്നായിരുന്നു പോലീസ് നിലപാട്.

ലേഖയും വൈഷ്ണവിയും വീടിനുള്ളിൽ തീ കൊളുത്തിയതിന് പിന്നാലെ തന്നെ പോലീസ് വീട് സീൽ ചെയ്തിരുന്നു. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച രാവിലെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായായിരുന്നു ഈ നീക്കം. കേസില്‍ നിർണ്ണായകമായ ആത്മഹത്യക്കുറിപ്പ് പുറത്തെത്തുന്നത് ഇത്തരത്തിലാണ്.

ഭർത്താവും ഭർത്താവിന്‍റെ അമ്മയും മറ്റ് രണ്ട് ബന്ധുക്കളുമാണ് മരണത്തിന് കാരണമെന്ന ആത്മഹത്യക്കുറിപ്പ് വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തതോടെയാണ് കേസില്‍ വഴിത്തിരിവായത്. വായ്പ തിരിച്ചടക്കാൻ ഭർത്താവ് ഒന്നും ചെയ്തില്ലെന്നും മാനസികമായി നിരന്തരം പീഡിപ്പിച്ചെന്നും കുറിപ്പിൽ ലേഖ വിശദമാക്കിയിരുന്നു. പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ലേഖയും വൈഷ്ണവിയും തീകൊളുത്തിയ മുറിയിൽ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. മൂന്ന് പേജുള്ള കത്ത് ഭിത്തിയിൽ ഒട്ടിച്ച നിലയിലായിരുന്നു. കൂടാതെ ചുവരിലും എഴുതിയിരുന്നു.

കടം തീർക്കാൻ വീട് വിൽക്കാൻ ശ്രമിച്ചപ്പോൾ ഭർത്താവ് ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മയും ബന്ധു ശാന്തമ്മയും തടസ്സം നിന്നെന്ന് കത്തിൽ പറയുന്നു. സ്ഥലത്ത് ആൽത്തറ ഉള്ളതിനാൽ അവർ നേക്കിക്കോളും എന്നായിരുന്നു നിലപാട്. ബാങ്കിൽ നിന്ന് ജപ്തിക്കുള്ള കത്ത് വന്നിട്ടും, പത്രപരസ്യം കൊടുത്തിട്ടും ഭർത്താവ് ചന്ദ്രൻ അനങ്ങിയില്ല. പകരം കത്ത് ആൽത്തറയിൽ കൊണ്ടുപോയി പൂജിച്ചു. 

കല്യാണം കഴിച്ച് വന്നതുമുതൽ നിരന്തരപീഡനമായിരുന്നെന്നെന്നും കത്തിൽ ലേഖ ആരോപിക്കുന്നു. മന്ത്രിവാദി പറയുന്നത് കേട്ട് തന്നെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തിട്ടുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിന്‍റെ അമ്മ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. വീട്ടിൽ എപ്പോഴും വഴക്കാണ്. നിന്നെയും നിന്‍റെ മോളേയും കൊല്ലുമെന്നും അമ്മ പറഞ്ഞിട്ടുണ്ടെന്നും കത്തിൽ പറയുന്നു. അതേസമയം കത്തിൽ ബാങ്കിനേയോ, ജപ്തിക്കായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനേക്കുറിച്ചോ ഒന്നും പരാമര്‍ശിച്ചിട്ടുമുണ്ടായിരുന്നില്ല.

കുറിപ്പിന്റെ അടിസ്ഥാനത്തില്‍ നാല് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ നാല് പേരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മരിച്ച ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, അവരുടെ ഭർത്താവ് കാശിനാഥൻ എന്നിവരാണ് അറസ്റ്റിലായത്.
കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മരിച്ച ലേഖയുടെ ഭർത്താവ് ചന്ദ്രൻ പോലീസിന് മൊഴി നല്‍കി. അമ്മയും ലേഖയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും താൻ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നും ചന്ദ്രൻ മൊഴി നല്‍കി. അതേസമയം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ലേഖയുടേയും വൈഷ്ണവിയുടേയും മൃതദേഹം വീട്ടിൽ എത്തിച്ച് സംസ്കരിച്ചു.

നെയ്യാറ്റിൻകര സംഭവത്തിൽ എല്ലാ വശവും നോക്കാതെ ബാങ്കിനെതിരെ തീർപ്പ് കൽപ്പിച്ചുവെന്ന് കാനറ ബാങ്ക് അധികൃതര്‍ വിശദമാക്കി. ചന്ദ്രന്റെ കുടുംബത്തെ സമ്മർദ്ദത്തിലാക്കിയില്ല. ചട്ടത്തിന് അപ്പുറം ഇളവിന് സാവകാശം നൽകിയെന്നും ഇനിയും ഇളവിന് തയ്യാറെന്നും കാനറ ബാങ്ക് സീനിയ‌ മാനേജർ ജേക്കബ് പി ചിറ്റാട്ടുകുളം മാധ്യമങ്ങളോട് പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.