Latest News

സഖ്യ നീക്കം സജീവമാക്കി പ്രതിപക്ഷ കക്ഷികള്‍

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എ സര്‍ക്കാറിന് സാധ്യത കല്‍പിക്കുന്നുണ്ടെങ്കിലും ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലുമായി എന്‍.ഡി.എ ഇതരകക്ഷികളുടെ സഖ്യത്തിനുള്ള നീക്കം സജീവമായി തുടരുന്നു.[www.malabarflash.com]

സഖ്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഡല്‍ഹിയിലെത്തിയ തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു കൊല്‍ക്കത്തയിലെത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച ലഖ്‌നോയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ബി.എസ്.പി നേതാവ് മായാവതിയെയും കണ്ടു. മായാവതി ചൊവ്വാഴ്ച ഡല്‍ഹിയിലെത്തി സോണിയാഗാന്ധിയെ കാണുമെന്നാണ് ബി.എസ്.പി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഡല്‍ഹിയിലും ലഖ്‌നോയിലുമായി മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നായിഡു തിങ്കളാഴ്ച വൈകിട്ട് കൊല്‍ക്കത്തയിലെത്തിയത്. കാളിഗട്ടിലെ മമതയുടെ വീട്ടില്‍ ദീര്‍ഘ നേരം ചര്‍ച്ച നടത്തിയ ഇരുവരും ഫലം പ്രഖ്യാപിക്കുന്ന വ്യാഴാഴ്ച വിശദമായ ചര്‍ച്ചകള്‍ നടത്താമെന്ന ധാരണയിലെത്തിയതായി തൃണമൂല്‍ വൃത്തങ്ങള്‍ പറഞ്ഞു.

വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ചേര്‍ന്ന രാഷ്ട്രപതിയെക്കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുളള സന്നദ്ധത അറിയിക്കണമെന്നാണ് നായിഡു നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതോടൊപ്പെ വോട്ടിങ് മെഷീനെതിരെ ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിനു മുന്നില്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ ധര്‍ണ സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച നായിഡു അതിനായി മമതയുടെ പിന്തുണയും അഭ്യര്‍ത്ഥിച്ചു.

തിങ്കളാഴ്ച കാലത്താണ് അഖിലേഷ് യാദവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന്റെ പ്രകടനം സംബന്ധിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇരുവരും വിലയിരുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.