Latest News

ചെരിപ്പാടി കാവിനെ തൊട്ടറിഞ്ഞ് കുട്ടികളുടെ പഠനയാത്ര

ഉദുമ: കാവും കുളവും സമന്വയിപ്പിച്ച് വിശുദ്ധ വനത്തിലേക്ക് കുട്ടികൾ നടത്തിയ പഠനയാത്ര വേറിട്ട അനുഭവമായി. പ്രകൃതിയെ തന്നെ ആരാധിക്കുന്ന ശ്രേഷ്ഠ സംസ്കാരം പുതുതലമുറയിലേക്ക് പകരുക എന്ന ഉദ്ദേശത്തോടെ ആയുഷ് ഗ്രാം കാസർകോട് ടീം ആണ് കാവും കുളവും എന്ന പേരിൽ ബാര ഗവ .ഹൈസ്കൂളിലെ 25 കുട്ടികളെ പങ്കെടുപ്പിച്ച് ഉദുമ ഉദയമംഗലം ചെരിപാടി കാവിലേക്ക് പഠനയാത്ര നടത്തിയത്.[www.malabarflash.com]

കാവിലെ പഴക്കം ചെന്ന കുളവും വിവിധ തരം പക്ഷികളെയും കാഞ്ഞിരം, മഞ്ചാടി, വേങ്ങ, ഉങ്ങ് , ഞാവൽ, ആവിൽ തുടങ്ങിയ മരങ്ങളും നേരിൽ കണ്ടപ്പോൾ കുട്ടികൾക്ക് നവ്യാനുഭവമായി.

ചെരിപാടി കാവ് പ്രകൃതി രമണീയത കൊണ്ടും ജൈവ വൈവിധ്യം കൊണ്ടും വ്യത്യസ്തവും ,വിസ്തൃതവുമായി നിലകൊള്ളുന്നതുകൊണ്ടാണ് യാത്ര അവിടേക്ക് നിശ്ചയിച്ചത്. കാവിന്റെയും കുളത്തിന്റെയും പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ചെരിപാടി കാവിലെ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി.

പഠനയാത്ര ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ആയുഷ് ഗ്രാം കാസർകോട് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. ടി. സരിൻ സ്വാഗതം പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.ആർ.സലജ കുമാരി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ആയിഷാബി, ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ നാലാം വാതുക്കൽ, ജി.എ.ഡി അമ്പലത്തുകര മെഡിക്കൽ ഓഫീസർ ഡോ .കെ.വി.പ്രമോദ് പ്രസംഗിച്ചു.

കാവും കുളവും നാടിന്റെ നന്മ എന്ന വിഷയത്തിൽ കാസർകോട് ആയുഷ് ഗ്രാം നോഡൽ ഓഫീസർ ഡോ.കെ. വിശ്വനാഥും, കാവുകളിലെ ഔഷധ സമ്പത്ത് എന്ന വിഷയത്തിൽ കുമ്പള ജി.എ.ഡി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി. എസ് മഹേഷും ക്ലാസെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.