Latest News

കണ്ണൂരില്‍ കള്ളവോട്ട്; 9 ലീഗുകാര്‍ക്കും ഒരു സിപിഎമ്മുകാരനുമെതിരേ കേസ്

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കൂടുതല്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരണം. കണ്ണൂര്‍ പാമ്പുരുത്തിയില്‍ ഒമ്പത് ലീഗുകാര്‍ക്കും ധര്‍മ്മടത്ത് ഒരു സിപിഎം പ്രവര്‍ത്തകനും എതിരെയാണ് കേസെടുക്കുക. ഇതോടെ കള്ള വോട്ടില്‍ കേസില്‍ പെട്ടവരുടെ എണ്ണം 17 ആകും.[www.malabarflash.com]

പാമ്പുരുത്തിയിലും ധര്‍മ്മടത്തുമായി 13 കള്ളവോട്ട് കള്ളവോട്ട് നടന്നതായി തെളിഞ്ഞെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു. പാമ്പുരുത്തി മാപ്പിള എ. യു. പി സ്‌കൂളിലും ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ലുമാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയില്‍ ഒമ്പതു പേരാണ് കള്ളവോട്ട് ചെയ്തത്. 12 വോട്ടുകള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. ധര്‍മ്മടത്ത് ഒരു കള്ളവോട്ടാണ് നടന്നത്.
പോളിംഗ് സ്‌റ്റേഷനിലെ വീഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ അബ്ദുള്‍ സലാം, മര്‍ഷദ്, ഉനിയാസ് കെ പി എന്നിവര്‍ രണ്ടു തവണയും കെ മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുള്‍ സലാം, സാദിഖ് കെ പി, ഷമല്‍, മുബഷിര്‍ എന്നിവര്‍ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണ് ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചത്. 

ഇവരെ വിളിച്ചു വരുത്തി തെളിവെടുത്തിരുന്നു. ഈ പോളിംഗ് സ്‌റ്റേഷനിലെ 1249 വോട്ടുകളില്‍ 1036 എണ്ണം പോള്‍ ചെയ്തിരുന്നു. കള്ളവോട്ടു നടക്കുന്ന വേളയില്‍ പോളിംഗ് ഏജന്റ് എതിര്‍പ്പറിയിച്ചെങ്കിലും പ്രിസൈഡിംഗ് ഓഫീസര്‍ ശക്തമായി ഇടപെടാന്‍ തയ്യാറായില്ലെന്ന് വ്യക്തമായിട്ടുണ്ട്. ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ല്‍ സയൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയുടെയും യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കെ സുധാകരന്റേയും പോളിംഗ് ഏജന്റുമാരാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കിയത്. ഗള്‍ഫിലുള്ള ചിലരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കി. കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി. എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കും. 

പാമ്പുരുത്തിയിലെ പ്രിസൈഡിംഗ് ഓഫിസര്‍, പോളിംഗ് ഓഫിസര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 അനുസരിച്ച് ഇവര്‍ക്കെതിരെയും ക്രിമനല്‍ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ അവരുടെ വകുപ്പുകള്‍ അച്ചടക്ക നടപടിയെടുക്കാനും ശുപാര്‍ശ ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.