Latest News

ബിജെപിക്കെതിരെ പോരാടാന്‍ മമതയ്‌ക്കൊപ്പം ഒറ്റക്കെട്ടായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെ സൗന്ദര്യപ്പിണക്കങ്ങള്‍ മറന്ന് പ്രതിപക്ഷ ഏകീകരണത്തിന് വഴിവെച്ച് പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷം. ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മമതാ ബാനര്‍ജിക്ക് പിന്തുണ നല്‍കി.[www.malabarflash.com] 

തന്നെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍, മായാവതി, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ക്ക് മമത നന്ദി അറിയിച്ചു. പ്രചാരണം നേരത്തെ നിര്‍ത്തിവെക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കടുത്ത വിമര്‍ശനമുന്നയിച്ചു.

ബിജെപി നിര്‍ദേശത്തനനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനാധിപത്യത്തിന് നേരെ നേരിട്ടുള്ള ആക്രമണമാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു നിയമവും ഭരണകക്ഷിക്ക് വേണ്ടി മറ്റൊരു നിയമവുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്നതെന്ന് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമകള്‍ തകര്‍ത്ത ബിജെപി ബംഗാളില്‍ വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ത്തെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മറ്റു ബിജെപി നേതാക്കളും മമതയെ ലക്ഷ്യം വെച്ചാണ് ആസൂത്രണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. ഇത് ഗുരുതരമായ വിഷയവും വെറുപ്പുണ്ടാക്കുന്നതുമാണ്.

രാജ്യത്തിന്റെ ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെയൊന്നും ചെയ്യാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും മമതക്ക് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.