Latest News

ക്യാമ്പ് ഹൗസിൽ പച്ചക്കറിത്തോട്ടമൊരുക്കി സബ് കലക്ടർ

കാഞ്ഞങ്ങാട്: ഹൊസ്ദുർഗിലെ പത്ത് സെന്റോളം വരുന്ന സബ് കലക്ടറുടെ വസതിയുടെ മുറ്റം മാസങ്ങൾക്കുള്ളിൽ ജൈവ പച്ചക്കറിത്തോട്ടമാകും. ഒരു ഡസനിലേറെ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് സബ് കലക്ടർ അരുൺ കെ.വിജയൻ ഐ.എ.എസും ഭാര്യ സെവിനും.[www.malabarflash.com]

ഹരിത മുറ്റം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്ത സബ് കലക്ടർ സ്വന്തം ക്യാമ്പ് ഹൗസിൽ തന്നെ കൃഷിക്ക് തുടക്കമിട്ടത് വേറിട്ട കാഴ്ചയായി. ജോലിത്തിരക്കിനിടയിലും കൃഷി കൈവിടാൻ തയ്യാറല്ല ചെറുപ്പക്കാരനായ ഈ ഐ.എ.എസ്. ഓഫീസർ. 

രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന സബ് കലക്ടറുടെ കൃഷി ഒരു മണിക്കൂറോളം നീളും. കലക്ടറുടെ കൃഷി വൈഭവം അറിയാൻ തോട്ടത്തിലെ പച്ചക്കറിത്തടങ്ങൾ മാത്രം നോക്കിയാൽ മതി. വെണ്ട, പയർ, വഴുതന, പച്ചമുളക് , ചീര, നരമ്പൻ തുടങ്ങി പലതരം പച്ചക്കറിവിത്തുകളാണ് അദ്ദേഹം ശാസ്ത്രീയമായി മണ്ണിൽ പാകിയത്.
കാഞ്ഞങ്ങാട് നഗരസഭയിലെ കാർഷിക കർമ്മ സേന നൽകിയ വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത് ഇതിനു പുറമെ നിറയെ കായ്ച്ചു നിൽക്കുന്ന മുരിങ്ങയും വിവിധ തരം ഔഷധച്ചെടികളും ക്യാമ്പ് ഹൗസിലെ കാഴ്ചയ്ക്ക് കൗതുകം പകരുന്നു. ഒട്ടേറെ ഫല വൃക്ഷത്തൈകളും പറമ്പിൽ നട്ടിട്ടുണ്ട്.
ഒമ്പത് മാസം മുൻപു സബ് കലക്ടറായി ചുമതലയേറ്റ ഉടനെ തന്നെ കൃഷി ആരംഭിക്കാൻ ആലോചിച്ചിരുന്നു. ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ ഒഴിയാത്ത തിരക്കിനിടയിൽ അത് മാറ്റി വെക്കേണ്ടി വന്നു. ജോലിത്തിരക്ക് അല്പം കുറഞ്ഞ ഉടനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പച്ചക്കറി കൃഷിയിലേക്ക് തിരിയാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തിരക്കു പിടിച്ച ജോലിക്കിടയിലും ജൈവ പച്ചക്കറി കൃഷിക്കുള്ള മണ്ണൊരുക്കുന്നതിലും തടമിടുന്നതിലും ചിട്ടയോടെ പ്രവർത്തിക്കുന്നു.

രാവിലെ ആർ.ഡി.ഒ. ഓഫീസിലേക്ക് പോകുന്നതിനു മുൻപും വൈകിട്ട് ഓഫീസിൽ നിന്നു വന്നതിനു ശേഷവും സബ്കലക്ടര്‍ സമയം കണ്ടെത്തി ഒരോ ചെടിയുടെയും ചുവട്ടിലെത്തി പരിപാലിക്കും. അവധി ദിവസങ്ങളിൽ ഇതിനായി പ്രത്യേക സമയവും കണ്ടെത്തും. 

ആകാശവാണിയിൽ ജീവനക്കാരിയായ ഭാര്യയുടെ അളവറ്റ പിന്തുണയും ഇതിനുണ്ട്. ഇവർക്കൊപ്പം കാർഷിക കർമ സേനാംഗങ്ങളും കൃഷിപരിപാലനത്തിന് ഒപ്പം കൂടുന്നുണ്ട്. ഇതോടെ പച്ചക്കറിയിൽ നൂറുമേനി വിളയുമെന്നു തന്നെയാണ് അരുണിന്റെ പ്രതീക്ഷ.

കൃഷി തനിക്കു പുതുമയല്ലെന്നാണു അരുൺ കെ.വിജയന്റെ പക്ഷം. തൃശൂർ മുണ്ടപ്പാലത്തിനടുത്ത വീട്ടിൽ ചെറുപ്പം മുതൽ കൃഷി കണ്ടാണു വളർന്നത്. സ്കൂൾ വിദ്യാഭ്യാസംകാലം മുതൽ ഇതിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. ഒഴിവുദിവസങ്ങളിലും അവധിക്കാലങ്ങളിലും അച്ഛനമ്മമാരോടൊപ്പം പുരയിടത്തിൽ കാർഷിക ജോലികൾക്കായി ഇറങ്ങിയത് ഇപ്പോഴും മധുരിക്കുന്ന ഓർമയാണ്. ഏതു സമയവും സ്ഥലം മാറ്റമുണ്ടാകുമെന്നറിഞ്ഞിട്ടും സമൂഹത്തിന് മാതൃകയാകുമെന്നു കരുതിയാണ് ജനകീയനായ ഈ ഭരണാധികാരി കൃഷിയിലേക്ക് ഇറങ്ങി പുറപ്പെട്ടത്.
വീട്ടുമുറ്റ കൃഷിയിൽ താല്പര്യമുള്ള എല്ലാവർക്കും എല്ലാ പിന്തുണയും പ്രോത്സാഹനവും തയ്യാറായ കാഞ്ഞങ്ങാട് നഗരസഭ കൃഷി ഭവനും കർമ്മ സേനാ പ്രവർത്തകരും സബ് കലക്ടറുടെ ക്യാമ്പ് ഹൗസിലെ കൃഷിക്ക് നൽകുന്ന സഹായം മാതൃകാപരമാണ്.

നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസർമാരായ കെ.സജിനിമോൾ' ജി.ബാബുരാജ്, ടി.കെ.മൂസ, കർമ്മ സേന അംഗങ്ങളായ അനീഷ് കൊവ്വൽ സ്റ്റോർ, മനോജ്, ബാബു, നാസർ, രാജ് മോഹൻ എന്നിവർ കാർഷികവൃത്തിയിൽ പങ്കാളികളായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.