ഉദുമ: പാലക്കുന്നിൽ വീണ്ടും കടയുടെ ചുമർ തുരന്ന് കവർച്ച. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന് മുൻവശത്തെ എംപീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന തെക്കിൽ സ്വദേശി ഖലീൽ റഹ് മാന്റെ ഉടമസ്ഥതയിലുള്ള മാർജിൻ ഫ്രീ സുപ്പർമാർക്കറ്റിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം.[www.malabarflash.com]
കടയുടെ പിറകുവശത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. മേശ വലിപ്പിൽ ഉണ്ടായിരുന്ന ഏഴായിരം രൂപയും ചില്ലറ സാധനങ്ങളുമാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് കവർച്ച നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.
മുഖംമൂടിയും കയ്യുറയും ഇട്ട ഒരാളാണ് കവർച്ച നടത്തിയത്. മോഷ്ടിക്കുന്ന രംഗം സൂപ്പർ മാർക്കറ്റിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പിറകുവശത്തെ ചുമർ ഒരാൾക്ക് കടക്കാൻ പാകത്തിലാണ് തുരന്നത്.
സമീപത്തെ സ്കൈ സെന്ററിൽ പ്രവർത്തിക്കുന്ന മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ജനത സ്റ്റോർസിലും കവർച്ച ശ്രമം നടത്തിയിരുന്നു. പൂട്ടുകൾ പൊളിച്ചെങ്കിലും അകത്ത് കടന്നില്ല. വിവരമറിഞ്ഞ് ബേക്കൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം പാലക്കുന്നിലെ മുതലാസ് കോർണർ സൂപ്പർമാർക്കറ്റിലും ഇതേ രീതിയിൽ കവർച്ച നടന്നിരുന്നു. കാലവർഷം തുടങ്ങിയതോടെ മോഷണം പെരുകി വരുന്നത് വ്യാപാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പാലക്കുന്ന് രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
No comments:
Post a Comment