Latest News

പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയി; ആറ് പേര്‍ക്കെതിരെ കേസ്‌

പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയി. അക്രമത്തിനു പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡ്രൈവറും സഹായിയും പറഞ്ഞു.[www.malabarflash.com]

അക്രമത്തിനിരയായ കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ ഡ്രൈവറുമായ ഹംസ (40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരെയാണ് ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട എന്‍മകജെ മഞ്ചനടുക്കത്താണ് സംഭവം. പുത്തൂര്‍ കെദിലയില്‍ നിന്നും മൂന്ന് പശുക്കളെ കെ എ 21 ബി 3411 നമ്പര്‍ പിക്കപ്പ് വാനില്‍ ബന്തിയോടേക്ക് വളര്‍ത്താന്‍ കൊണ്ടു പോവുകയായിരുന്നുവെന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്. 

പുത്തൂരിലെ ഇസ്മാഈല്‍ എന്നയാളാണ് പശുക്കളെ ബന്തിയോട് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. മഞ്ചനടുക്കത്തെ പശുവളര്‍ത്തു കേന്ദ്രം നടത്തുന്ന ഹാരിസിന്റെ വീട്ടില്‍ 50,000 രൂപ ഏല്‍പിക്കാന്‍ ഇസ്മാഈല്‍ പണം കൈമാറിയിരുന്നു. ഈ പണം നല്‍കാനായി ഹാരിസിന്റെ വീട്ടിലെത്തിയപ്പോഴാണ് പിന്തുടര്‍ന്ന് ഹ്യുണ്ടായ് ഇയോണ്‍ കാറിലെത്തിയ ആറംഗ സംഘം പിക്കപ്പില്‍ നിന്നും ഇറങ്ങിയ ഉടനെ മാരകായുധങ്ങളുമായി തങ്ങളെ ആക്രമിച്ചതെന്ന് ഹംസയും അല്‍ത്താഫും പറഞ്ഞു.

ഇവരെ ക്രൂരമായി ആക്രമിച്ച ശേഷം പിക്കപ്പിന്റെ താക്കോല്‍ പിടിച്ചുവാങ്ങി പിക്കപ്പും പശുക്കളെയും ഇവര്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിയുടെ ഡാഷ് ബോക്‌സില്‍ വെച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞു. 

വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അതേ സമയം സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയ. സംഘം കടത്തിക്കൊണ്ടുപോയ പിക്കപ്പ് വാന്‍ കര്‍ണാടക വിട്ളയിലെ മൈരയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം പോലീസ് ബദിയടുക്ക സ്റ്റേഷനിലെത്തിച്ചു. സ്ഥലത്തെ സി സി ടി വി ക്യാമറകള്‍ വിട്ള പോലീസിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.