റിയാദ്: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ക്കു നേരെ ആക്രമണം നടത്തിയത് ഇറാനെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍(എംബിഎസ്) ആരോപിച്ചു.[www.malabarflash.com]
രാജ്യത്തിനെതിരായ ഭീഷണിയെ അതേ രീതിയില്‍ നേരിടാന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോകത്തെ എണ്ണക്കടത്തിന്റെ പ്രധാന പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ വ്യാഴാഴ്ച്ച രണ്ടു കപ്പലുകളെ ലക്ഷ്യമിട്ട് സ്‌ഫോടനം നടന്നിരുന്നു.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മേഖലയില്‍ സമാനമായ ആക്രമണം നടക്കുന്നത്. ഇതേ തുടര്‍ന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ഞങ്ങള്‍ മേഖലയില്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഞങ്ങളുടെ ജനതയ്ക്കും പരമാധികാരത്തിനും താല്‍പര്യങ്ങള്‍ക്കും എതിരായ ഏതൊരു ഭീഷണിയെയും അതേ രീതിയില്‍ നേരിടാന്‍ മടിക്കില്ല- അശര്‍ഖ് അല്‍ ഔസത്ത് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ജപ്പാന്‍ പ്രധാനമന്ത്രി തെഹ്‌റാനില്‍ അതിഥിയായെത്തിയ കാര്യം പോലും ഇറാന്‍ മാനിക്കുന്നില്ല. അദ്ദേഹത്തിന്റെ നയതന്ത്ര ശ്രമങ്ങളോട് രണ്ട് ടാങ്കറുകള്‍ ആക്രമിച്ചു കൊണ്ടാണ് ഇറാന്‍ പ്രതികരിച്ചത്. അതിലൊന്ന് ജപ്പാന്റെ കപ്പലായിരുന്നു- എംബിഎസ് ആരോപിച്ചു. മെയ് 12ന് ഫുജൈറ തുറമുഖത്തിന് സമീപം നാല് എണ്ണക്കപ്പലുകള്‍ ആക്രമിച്ചതും ഇറാനാണെന്നും ആദ്ദേഹം ആരോപിച്ചു.
ജപ്പാന്‍ ഉടമസ്ഥതയിലുള്ള കോകുക കറേജ്യസ്, നോര്‍വീജിയയുടെ ഫ്രണ്ട് അല്‍തായിര്‍ കപ്പലുകള്‍ക്കു നേരേയാണ് വ്യാഴാഴ്ച്ച ആക്രമണം നടന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ ഇറാന്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം.
അതേ സമയം, ഇറാന്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. ആക്രമണത്തിനിരയായ കപ്പലുകളിലെ ജീവനക്കാരെ രക്ഷിച്ചത് ഇറാന്‍ സുരക്ഷാ സേനയാണെന്നും ഇറാന്‍ അറിയിച്ചിരുന്നു. അതേ സമയം, ആക്രമണം നടന്ന കപ്പലുകളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിന് അമേരിക്ക പ്രത്യേക സംഘത്തെ അയച്ചു.
ഗള്‍ഫിലെ കപ്പല്‍പ്പാത തടയുകയും ലോകത്തെ എണ്ണ വിതരണം തടസ്സപ്പെടുത്തുകയും ചെയ്താല്‍ ഇറാനെതിരേ യുദ്ധത്തിന് മടിക്കില്ലെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അതേ സമയം, തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ആവര്‍ത്തിക്കുന്ന ഇറാന്‍ യുദ്ധത്തിന് നിര്‍ബന്ധിപ്പിക്കപ്പെട്ടാല്‍ പ്രതിരോധിക്കാന്‍ സന്നദ്ധമാണെന്ന് തിരിച്ചടിക്കുന്നു.
No comments:
Post a Comment