ബക്കളം നെല്ലിയോടെ പാർഥാസ് കൺവൻഷൻ സെന്റർ ഉടമ കൊറ്റാളി അരയമ്പേത്തെ പാറയിൽ സാജൻ (49) ആണ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത്.
നൈജീരിയയിൽ വർഷങ്ങളായി ജോലിചെയ്തുവരുന്ന ഇദ്ദേഹം സമ്പാദിച്ച തുക മുഴുവൻ ഉപയോഗിച്ച് പണിത ഓഡിറ്റോറിയത്തിന്റെ പണി പൂർത്തിയാക്കിയിട്ട് ഒരു വർഷം കഴിഞ്ഞുവെങ്കിലും കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കെട്ടിടത്തിന് നഗരസഭാ നമ്പർ കിട്ടിയിരുന്നില്ല.
പലതവണ നഗരസഭ ചെയർപേഴ്സൺ, സെക്രട്ടറി, നഗരസഭ എൻജിനിയർ എന്നിവരെ കണ്ട് ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ പി. ജയരാജനെയും മന്ത്രി ഇ.പി. ജയരാജനെയും നേരിൽക്കണ്ട് പരാതിപ്പെട്ടതിനെ തുടർന്ന് അവർ പ്രശ്നത്തിൽ ഇടപെട്ടുവെങ്കിലും പരിഹാരമുണ്ടായില്ല.
നഗരസഭയിൽനിന്ന് കെട്ടിടനമ്പർ ലഭിക്കാത്തതിനാൽ ഉദ്ഘാടനം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇവിടെ മൂന്നു വിവാഹങ്ങൾ നടന്നിരുന്നു. വിവാഹം കഴിഞ്ഞവർക്ക് ഇതുകാരണം നഗരസഭയിൽനിന്ന് വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസം നേരിടുകയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണം സാജൻ മാനസികമായി തകർന്ന നിലയിലായിരുന്നുവെന്ന് മാനേജർ സജീവൻ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം നഗരസഭ അധികൃതരെ കണ്ട സാജൻ ആത്മഹത്യയല്ലാതെ വേറെ മാർഗമില്ലെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞതായി സജീവൻ പറഞ്ഞു.
എന്നാൽ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ ചെയർപേഴ്സൻ, സെക്രട്ടറി, എൻജിനിയർ എന്നിവർക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ യാഥാർഥ്യമല്ലെന്ന് ചെയർപേഴ്സൻ പി.കെ.ശ്യാമളയും സെക്രട്ടറി എം.കെ. ഗിരീഷും പറഞ്ഞു.
കൊറ്റാളിയിലെ പരേതരായ ലക്ഷ്മണൻ-മൈഥിലി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കൾ: പാർഥീവ്, അർപ്പിത. സഹോദരങ്ങൾ: ശ്രീജിത്ത്, ഗുണശീല, വത്സല, ശ്രീലത. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം പയ്യാമ്പലത്ത് സംസ്കരിച്ചു.
No comments:
Post a Comment