Latest News

ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം;ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതം

മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം. ഇതോടെ നിരവധി ഉപയോക്താക്കള്‍ക്കാണ് ടെലിഗ്രാം ഉപയോഗിക്കാന്‍ കഴിയാതെവന്നത്. ടെലിഗ്രാം തന്നെയാണ് ട്വിറ്റര്‍ വഴി സൈബര്‍ ആക്രമണമുണ്ടായ വിവരം പുറത്തുവിട്ടത്.[www.malabarflash.com]

ടെലിഗ്രാമിന്റെ സേവനങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് അറ്റാക്ക് (ഡി.ഡി.ഓ.എസ്.) ആണ് ഉണ്ടായിരിക്കുന്നതെന്നും അമേരിക്കയിലും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്കും കണക്ഷന്‍ പ്രശ്നങ്ങള്‍ നേരിട്ടതായും ടെലിഗ്രാം പറഞ്ഞു.

സെര്‍വറിലേക്ക് വ്യാജ നിര്‍ദേശങ്ങള്‍ അയക്കുകയും യഥാര്‍ത്ഥ നിര്‍ദേശങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം സെര്‍വറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന സൈബര്‍ ആക്രമണമാണ് ഡിഡിഓഎസ്. ഇങ്ങനെ ടെലിഗ്രാം സെര്‍വറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ഉപയോക്താക്കള്‍ സന്ദേശങ്ങള്‍ അയക്കാനും ലോഗിന്‍ ചെയ്യാനും മറ്റുമായി നല്‍കുന്ന നിര്‍ദേശങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുന്നു.

സെര്‍വറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുക മാത്രമേ സൈബര്‍ ആക്രമണത്തിലൂടെ ഉണ്ടായിട്ടുള്ളൂ എന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ടെലിഗ്രാം ട്വിറ്റ് ചെയ്തു. പ്രശ്നം പരിഹരിക്കപ്പെട്ടതായും പിന്നീട് ടെലിഗ്രാം അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.