പെരിന്തല്‍മണ്ണ: കരുവാരക്കുണ്ട് തുവ്വൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടു യുവാക്കളെ കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ കരുവാക്കുന്നില്‍ മുഹമ്മദ് ജംസീര്‍(25), പാലത്തിങ്ങല്‍ നിജാസ്(24) എന്നിവരെയാണ് കഴിഞ്ഞദിവസം കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ നിന്നും കണ്ടെത്തിയത്.[www.malabarflash.com]
പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ പ്രത്യേകസംഘം മംഗലാപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതറിഞ്ഞതോടെ സംഘം ഇവരെ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മെയ് 29ന് രാത്രിയിലായിരുന്നു സംഭവം. യുവാക്കളും കൂത്തുപറമ്പ് സ്വദേശി റംഷാദും സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചാണ് എടവണ്ണ കേന്ദ്രീകരിച്ചുള്ള സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് വിവിധ വിമാനത്താവളങ്ങള്‍ വഴി അയച്ച കള്ളക്കടത്ത് സ്വര്‍ണം നല്‍കാതെ ചതിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
ഇതിനിടെ രക്ഷപ്പെട്ട റംഷാദാണ് പോലിസില്‍ അറിയിച്ചത്. സംഭവത്തില്‍ യുവാക്കള്‍ക്ക് പങ്കില്ലെന്നും റംഷാദ് വിളിച്ചപ്പോള്‍ അവര്‍ക്കൊപ്പം ഇവര്‍ തുവ്വൂരിലെത്തുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.
കൊയിലാണ്ടിയില്‍ വെച്ചാണ് മംഗലാപുരം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിന് യുവാക്കളെ കൈമാറിയത്. തുടര്‍ന്ന് സുള്ളി, മടിക്കേരി, വിരാജ്‌പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ഇവരെ ഒളിസങ്കേതങ്ങളിലായിരുന്നു.
യുവാക്കളെ തട്ടിക്കൊണ്ടുപോയതായ പരാതിയില്‍ എടവണ്ണ സംഘത്തിലെ അഞ്ചുപേരെ പെരിന്തല്‍മണ്ണയില്‍ പോലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംഘത്തിലെ കൂടുതല്‍പ്പേരെ പിടികൂടാനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
No comments:
Post a Comment