Latest News

കർണാടകയിൽ ബസും മിനി വാനും കൂട്ടിയിടിച്ച് മലയാളി ദമ്പതികൾ ഉൾപ്പെടെ 11 മരണം

ബംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുരിലെ ചിന്താമണിയിൽ സ്വകാര്യ ബസും മിനി വാനും കൂട്ടിയിടിച്ച് മലയാളി ദമ്പതികൾ ഉൾപ്പെടെ 11 പേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]

ബുധനാഴ്ച ഉച്ചക്ക് 12.20 ഓടെ ചിന്താമണിക്ക് സമീപമുള്ള ബാഗലഹള്ളിയിലാണ് അപകടമുണ്ടായത്. പെരുമ്പാവൂർ സൗത്ത് വല്ലം- റയോൺ പുരം മൂക്കട ഇത്തിക്കനാലി അബ്ദുൽ റഹ്മാ​​ന്റെ  മകൻ സിദ്ദീഖ് (50) ഭാര്യ റെജീന (48) എന്നിവരാണ് മരിച്ചത്.

മരിച്ച മറ്റു ഒമ്പത് പേർ കർണാടക സ്വദേശികളാണ്. മുരുഗമല്ലയിലെ പ്രശ്സ്തമായ ദർഗയിലേക്ക് തീർഥാടനത്തിന് പോയതായിരുന്നു സിദ്ദീഖും റെജീനയും. മുരുഗമല്ലയിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവൽസ് എന്ന സ്വകാര്യ ബസ്, ചിന്താമണിയിൽനിന്നും മുരുഗമല്ലയിലെ ദർഗയിലേക്ക് തീർഥാടനത്തിന് പോവുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ടാറ്റ ഏയ്സ് മിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മിനി വാൻ പൂർണമായും തകർന്നു. വാൻ വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മരിച്ച 11പേരും മിനി വാനിലുണ്ടായിരുന്നവരാണ്. 11പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പരിക്കേറ്റവരെ ചിക്കബെല്ലാപുര, കോലാർ ജില്ല ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നും പോലീസ് അറിയിച്ചു. 

അമിത വേഗത്തിലെത്തിയ ബസ് ബാഗലഹള്ളിയിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ട് മിനി വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മുരഗമല്ല-ബംഗളൂരു റൂട്ടിലെ സ്വകാര്യ ബസുകൾ സ്ഥിരമായി അമിത വേഗതയിലാണ് വരാറുള്ളതെന്നും ബാഗലഹള്ളിയിലെ അപകടവളവിൽ ഭാഗ്യകൊണ്ടാണ് മറ്റു വാഹനയാത്രക്കാർ രക്ഷപ്പെടാറുള്ളതെന്നും നാട്ടുകാർ പറഞ്ഞു. അപകടം നടന്ന ഉടനെ ബസ് ഡ്രൈവർ ഓ ടിരക്ഷപ്പെട്ടു. 

ട്രെയിൻ മാർഗം നാട്ടിൽ നിന്ന് പോയ സിദ്ദീഖും റെജീനയും ചിന്താമണിയിൽനിന്നാണ് മിനി വാനിൽ കയറിയത്. സിദ്ദീഖ് പെരുമ്പാവൂരിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ കർണാടകത്തിലേക്ക് പുറപ്പെട്ടു. മക്കൾ: മാഹിൻ, ബീമ, ഫാത്തിമ. മരുമകൻ: നിജാസ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.