Latest News

ഫെയ്‌സ്ബുക്കും വാട്‌സാപ്പും, ഇന്‍സ്റ്റഗ്രാമും പണിമുടക്കി; ഡൗണ്‍ലോഡിങ് തടസപ്പെട്ടു

ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. ലോകവ്യാപകമായി നിരവധി ഉപഭോക്തക്കളാണ് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ തടസപ്പെട്ടതായി പരാതി ഉന്നയിച്ചത്.[www.malabarflash.com]
വാട്‌സാപ്പില്‍ ചിത്രങ്ങളും വീഡിയോകളും വോയിസ് ക്ലിപ്പുകളും ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ക്കൊപ്പം ചിത്രങ്ങള്‍ കാണാനാകുന്നില്ലെന്നും പരാതിയുണ്ട്. ഇന്‍സ്റ്റഗ്രാമിലും സമാനമായ തകരാറുകളാണ് കാണുന്നത്. പലര്‍ക്കും ഇന്‍സ്റ്റഗ്രാം ഫീഡുകള്‍ റീഫ്രഷ് ആകുന്നില്ല.

യു.എസിലും യൂറോപ്പിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെയ്‌സ്ബുക്കിന്റെ പ്രധാന സെര്‍വറിലുണ്ടായ സാങ്കേതികതകരാറാണ് അവരുടെ നിയന്ത്രണത്തിലുള്ള മൂന്ന് സാമൂഹികമാധ്യമങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമെന്നാണ് സൂചന. 

അതേസമയം, ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ് വര്‍ക്ക് സേവന ദാതാവും ഇന്റര്‍നെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമുമായ ക്ലൗഡ് ഫെയറില്‍ തകരാര്‍. ഇതേ തുടര്‍ന്ന് ലോകത്താകമാനമുള്ള വിവിധ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം താറുമാറായി. ഇന്റര്‍നെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്‌ഫെയര്‍ തകരാറിനെ തുടര്‍ന്ന് നിശ്ചലമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫ്‌ലൈട്രേഡര്‍, ഡൗണ്‍ ഡിറ്റക്റ്റര്‍, ഡിസ്‌കോര്‍ഡ്, കോയിന്‍ബേസ് പ്രോ പോലുള്ള വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നുണ്ട്. ക്ലൗഡ്‌ഫെയര്‍ സെര്‍വറുകള്‍ എപ്പോള്‍ പൂര്‍വസ്ഥിതിയിലാകുമെന്ന് വ്യക്തമല്ല.

കമ്പനിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന വെബ്‌സൈറ്റുകളാണ് വലിയൊരു വിഭാഗവും. ഇന്ത്യയിലെ പല മുന്‍നിര വെബ്‌സൈറ്റുകളും ഇന്റര്‍നെറ്റ് സേവനങ്ങളും ക്ലൗഡ്‌ഫെയര്‍ സെര്‍വറുകളെ ആശ്രയിച്ചാണുള്ളത്. ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സെര്‍വീസ് അറ്റാക്ക് പോലുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഈ വെബ്‌സൈറ്റുകളെ സംരക്ഷിക്കുന്നതും ക്ലൗഡ്‌ഫെയര്‍ സെര്‍വറുകളാണ്.

അതേസമയം നെറ്റ് വര്‍ക്കില്‍ ഉടനീളം പ്രശ്‌നം നേരിടുന്നതായി മനസിലാക്കുന്നുവെന്നും പ്രശ്‌ന പരിഹാരത്തിനായി ശ്രമിച്ചുവരികയാണെന്നും ക്ലൗഡ്‌ഫെയര്‍ സിഇഓ മാത്യൂ പ്രൈസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.