Latest News

കോപ അമേരിക്ക: അര്‍ജന്റീനയെ രണ്ട് ഗോളിന്‌ തകർത്ത് ബ്രസീല്‍ ഫൈനലില്‍

ബെലൊ ഹോറിസോണ്ട: കാനറി പക്ഷികളുടെ ചിറകടിയില്‍ അര്‍ജന്റീന നിഷ്പ്രഭമായി. മെസിയുടെ കോപ മോഹം തകര്‍ത്ത് മഞ്ഞക്കിളികള്‍ ഫൈനലിലേക്ക് പറന്നു. കോപ അമേരിക്കയിലെ ആദ്യസെമി ഫൈനലില്‍ അര്‍ജന്റീനയെ രണ്ട് ഗോളിന് തകര്‍ത്താണ് ബ്രസീല്‍ ഫൈനലിലേക്ക്‌ പ്രവേശിച്ചത്.[www.malabarflash.com]

കളി തുടങ്ങിയതു മുതല്‍ ആക്രമിച്ചു കളിച്ച ബ്രസീല്‍ മത്സരം തുടങ്ങി ആദ്യ 19 ാം മിനിറ്റില്‍ തന്നെ ഗോള്‍ കണ്ടെത്തി. ഗബ്രിയേല്‍ ജീസസാണ് ആതിഥേയരായ ബ്രസീലിനെ മനോഹരമായ ഗോളിലൂടെ മുന്നലെത്തിച്ചത്. 71 ആം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോ ബ്രസീലിന്റെ രണ്ടാം ഗോൾ നേടി ലീഡുയര്‍ത്തി.

പ്രതിരോധത്തിലൂന്നിയായിരുന്നു അര്‍ജന്റീനയുടെ പോരാട്ടം. ജീസസിനെ ഫൗള്‍ ചെയ്തതിന് 10 മിനുട്ടാകും മുമ്പേ അര്‍ജന്റീനാ താരം ടഗ്‌ളിയാഫികോ മഞ്ഞക്കാര്‍ഡ് നേടി. ആദ്യ പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ പന്തടക്കത്തില്‍ ബ്രസീല്‍ 64%, അര്‍ജന്റീന 36 % എന്ന നിലയിലായിരുന്നു. പിന്നീട് മെസ്സിയും സംഘവും ബ്രസീലിയന്‍ പോസ്റ്റിലേക്ക് മുന്നേറിയെങ്കിലും 19 ആം മിനുട്ടില്‍ അര്‍ജന്റീനക്ക് ആദ്യ ഗോള്‍ വഴങ്ങേണ്ടി വന്നു.

വലതു വിങ്ങിലുണ്ടായിരുന്ന ഫിര്‍മിനോക്ക് ഡാനി ആല്‍വസ് നല്‍കിയ പാസ് ജീസസിലേക്ക്. ജീസസ് അത് മനോഹരമായ ഗോളാക്കി മാറുകയായിരുന്നു. ആദ്യ ഗോളിന് ശേഷം അര്‍ജന്റീനയും മെസിയും ബ്രസീല്‍ ഗോള്‍ മുഖത്ത് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളാക്കി മാറ്റാനായില്ല. 32 ആം മിനുട്ടില്‍ ബോള്‍ പൊസെഷന്‍ ബ്രസീല്‍ 55% – അര്‍ജന്റീന 44% എന്ന നിലയിലായി. 40ആം മിനുട്ടില്‍ പരസംപരം പോരടിച്ച അക്യുനക്കും ഡാനി ആല്‍വസിനും റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. ആദ്യ പകുതി പിരിയുമ്പോള്‍ പന്തടക്കത്തിൽ ബ്രസീല്‍ -51% അര്‍ജന്റീന -49% എന്ന നിലയിലേക്ക് മാറി. ബ്രസീല്‍ ഒരു ഗോള്‍ ലീഡ് നേടി ആദ്യ പകുതി പിരിഞ്ഞു.

രണ്ടാം പകുതി തുടങ്ങിയതു മുതല്‍ ഗോള്‍ മടക്കാനുള്ള ശ്രമത്തിലായിരുന്നു അര്‍ജന്റീന. 57 ആം മിനുട്ടില്‍ മെസിയുടെ ഗോള്‍ശ്രമം ഗോൾകീപ്പർ ആലിസനെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു. 66 ആം മിനുട്ടില്‍ മെസിയുടെ ഫ്രീകിക്ക് ആലിസണ്‍ കൈപിടിയിലൊതുക്കി.

പിന്നീട് പ്രതിരോധം മറന്ന് കളിച്ച അര്‍ജന്റീനയുടെ പോസ്റ്റില്‍ ഏത് നിമിഷവും ഗോള്‍ വീഴുമെന്ന അവസ്ഥയായി. അവസരം മുതലെടുത്ത ബ്രസീല്‍ 71 ആം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ ബ്രസീലിന്റെ രണ്ടാം ഗോളും കണ്ടെത്തി. ഗോളിയെ മറികടന്ന് ജീസസ് നല്‍കിയ പന്ത് ഫിര്‍മിനോ മനോഹരമായി വലയിലേക്ക് ദിശമാറ്റി.

മുഴുവന്‍ സമയവുമവസാനിച്ച് 4 മിനുട്ടാണ് എക്‌സ്ട്രാ ടൈം നല്‍കിയത്. ഒടുവിൽ ബോള്‍ പൊസെഷന്‍ ബ്രസീല്‍- 49 %, അര്‍ജന്റീന -51 %. അവസാന നിമിഷങ്ങളില്‍ അര്‍ജന്റീന കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ബ്രസീലിന് മുന്നില്‍ അര്‍ന്റീന തോല്‍വി സമ്മതിച്ചു; മെസിയുടെ കോപ മോഹവും അസ്തമിച്ചു..

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.