Latest News

മഞ്ഞപ്പടയ്ക്ക് ഒന്‍പതാം തവണയും കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം

റിയോ ഡി ജനീറോ: മാറക്കാനയുടെ മനമുരുകിയ പ്രാർഥന വിഫലമായില്ല. ബ്രസീലിന്റെ പന്ത്രണ്ട് വർഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചുകൊണ്ടുള്ള കാത്തിരിപ്പും. മഞ്ഞപ്പട ഒൻപതാം തവണയും കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം സ്വന്തമാക്കി.[www.malabarflash.com]

കലാശപ്പോരിൽ രണ്ടുവട്ടം കിരീടം ചൂടി പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ്  ആതിഥേയർ സ്വന്തം മണ്ണിൽ ഒരിക്കൽക്കൂടി കിരീടമണിയുന്നത്.

കളിയിൽ ഉടനീളം വ്യക്തമായാ ആധിപത്യം പുലർത്തിയ ബ്രസീൽ പതിനഞ്ചാം മിനിറ്റിൽ എവർട്ടന്റെ ഗോളിലാണ് ആദ്യം ലീഡ് നേടിയത്. ഗബ്രിയൽ ജീസസിന്റേതായിരുന്നു എണ്ണം പറഞ്ഞ പാസ്. 44-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ഗ്വരേരോ പെറുവിനെ ഒപ്പമെത്തിച്ചു. തിയാഗോ സിൽവ ബോക്സിൽ ക്ലിയർ ചെയ്യുന്നതിനിടെ നിലത്ത് വീണ് പന്ത് കൈ കൊണ്ട് തൊട്ടതിന് വാറിന്റെ സഹായത്തോടെ കിട്ടിയ സമ്മാനമായിരുന്നു. ഗോളി അലിസണെ കബളിപ്പിച്ച കിക്ക്.

എന്നാൽ, ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഗബ്രിയൽ ജീസസ് ബ്രസീലിനെ വീണ്ടും മുന്നിലെത്തിച്ചു. ഇക്കുറി ആർതറുടെ വകയായിരുന്നു തളികയിലെന്നോണമുള്ള പാസ്. എന്നാൽ, അറുപത്തിയൊൻപതാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് ജീസസ് പുറത്തായതോടെ പത്തു പേരെയും വച്ചാണ് ബ്രസീൽ കിരീടനേട്ടത്തോടെ കളി അവസാനിപ്പിച്ചത്.

രണ്ടാം മഞ്ഞ കണ്ടതാണ് ബ്രസീലിയൻ ആക്രമണത്തിന്റെ നെന്തൂണായിരുന്നു ജീസസിന് പുറത്തേയ്ക്കുള്ള വഴി തെളിച്ചത്. തൊണ്ണൂറാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി പിഴയ്ക്കാതെ വലയിലാക്കി പകരക്കാരൻ റിച്ചാർലിസൺ ബ്രസീലിന്റെ ജയം ഉറപ്പിച്ചു.

പന്തുമായി പെറു ബോക്സിലേയ്ക്ക് ഊളിയിട്ടിറങ്ങിയ എവർട്ടണെ ഫൗൾ ചെയ്തതിന് കിട്ടിയ കിക്കാണ് 77-ാം മിനിറ്റിൽ ഫർമിന്യോയ്ക്ക് പകരം ഇറങ്ങിയ റിച്ചാർലിസൺ വലയിലാക്കിയത്.

പന്ത്രണ്ട് വർഷത്തിനുശേഷമാണ് ബ്രസീൽ കോപ്പയിൽ ചാമ്പ്യന്മാരാകുന്നത്. 2007ലാണ് അവർ അവസാനമായി കിരീടം ചൂടിയത്. 1999, 22, 49, 89, 97, 99, 2004 വർഷങ്ങളിലും അവർ കിരീടം നേടി. ഇതോടെ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം സ്വന്തമാക്കിയ ടീം എന്ന ഖ്യാതിയും ബ്രസീലിന് സ്വന്തമായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.