Latest News

കാപ്പില്‍ പുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം: ഡിവൈഎഫ്‌ഐ

ഉദുമ: കാപ്പില്‍ പുഴയില്‍ മീനുകള്‍ ഉള്‍പെടയുള്ള ജീവികള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.[www.malabarflash.com]

പുഴ വന്‍തോതില്‍ മലിനമാക്കപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനാഫലം പുറത്തുവന്നിട്ടും ഉദുമ പഞ്ചായത്ത് അധികൃതര്‍ നടപടി വൈകിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മലിനീകരണത്തിന് കാരണം സമീപത്തെ സ്വകാര്യ റിസോര്‍ട്ട് ആണെന്ന നാട്ടുകാരുടെ വാദം പഞ്ചായത്ത് അധികൃതര്‍ ചെവി കൊള്ളാത്ത അവസ്ഥയാണ്.
റിസോര്‍ട്ടില്‍ നിന്നും പുഴയിലേക്ക് മാലിന്യം തള്ളുന്ന പൈപ്പ് ഉണ്ടെന്ന കാര്യം കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പഞ്ചായത്ത് അധികൃതര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് നിയമാനുസൃതമാണോ എന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കേണ്ടതുണ്ട്.
പുഴയിലെ വെള്ളത്തിന്റെ സാംപിളുകളില്‍ അമോണിയയുടെയും ഈ കോളി, കോളിഫോം ബാക്ക്റ്റീരിയകളുടെയും സാന്നിധ്യം അനുവദനീയമായതിലും കൂടുതല്‍ ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇത്രയും ഗുരുതരമായ അവസ്ഥയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും സമീപത്തെ കുടി വെള്ളം മലിനമാകാതെ സംരക്ഷിക്കാനുമുള്ള നടപടികളൊന്നും കൈക്കൊള്ളാതെ റിസോര്‍ട്ടിനെ സംരക്ഷിക്കുന്ന സമീപനവുമായി ഉദുമ പഞ്ചായത്ത് അധികൃതര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടു പോകുമെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ്, പ്രസിഡന്റ് സി മണികണ്ഠന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.