Latest News

യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവം: സുഹൃത്തുക്കളായ അഞ്ചു പേര്‍ അറസ്റ്റില്‍

കൊച്ചി: യുവാവിനെ മര്‍ദിച്ചുകൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍.[www.malabarflash.com] 

കുമ്പളം മാന്നനാട്ട് എം എസ് വിദ്യന്റെ മകന്‍ എം വി. അര്‍ജുന്റെ (20)നെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കുമ്പളം തട്ടാശേരില്‍ അജിത് കുമാര്‍ (22), നെട്ടൂര്‍ കളപ്പുരയ്ക്കല്‍ അനന്തു (21), കുമ്പളത്ത് വാടകയ്ക്ക് താമസിക്കുന്ന നെട്ടൂര്‍ മാളിയേക്കല്‍ നിബിന്‍ പീറ്റര്‍ (20), നെട്ടൂര്‍ കുന്നലക്കാട് റോണി (23), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് പനങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. 

ജൂലൈ രണ്ട് മുതല്‍ കാണാതായ അര്‍ജുന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് നെട്ടൂരില്‍ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പില്‍നിന്ന് കണ്ടെടുത്തത്. കൊലപ്പെടുത്തിയ ശേഷം ചവിട്ടി താഴ്ത്തി കോണ്‍ക്രീറ്റ് കല്ല് പുറത്തുവച്ച നിലയിലായിരുന്നു മൃതദേഹം. 

ജൂലൈ രണ്ടാം തീയതിയില്‍ വീട്ടില്‍ നിന്നും പുറത്തുപോയ അര്‍ജുന്‍ വീട്ടിലെത്താതിരുന്നതിനാല്‍ തൊട്ടടുത്ത ദിവസം തന്നെ വീട്ടുകാര്‍ പനങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ വീട്ടുകാര്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിനിടയില്‍, അര്‍ജുനെ കാണാതായതായ ദിവസം വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയ യുവാവിനെക്കുറിച്ചും നെട്ടൂര്‍ പാലത്തിന്റെ ഭാഗത്തേക്ക് ഇവര്‍ പോയതായും കിട്ടിയ വിവരവും പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ പോലീസ് വീട്ടുകാര്‍ ചൂണ്ടിക്കാണിച്ചവരെ വിശദമായി ചോദ്യം ചെയ്യാതെ വിട്ടയച്ചു.

അര്‍ജുന്റെ മെെൈാബല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രതികളുടെ മൊഴി പോലീസ് വിശ്വസിച്ചതാണ് അന്വേഷണം വൈകിപ്പിച്ചത്. ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. ഇത് വിശ്വസിച്ച പോലീസ് പ്രതികളെന്നു നാട്ടുകാരും വീട്ടുകാരും ചൂണ്ടിക്കാട്ടിയവരെ വിട്ടയക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അര്‍ജുന്‍ തിരിച്ചുവരുമെന്നും പോലിസ് പറഞ്ഞിരുന്നു. 

പ്രതികളാകട്ടെ തന്ത്രപരമായി സിനിമ മോഡലില്‍ അര്‍ജുന്റെ മൊബൈല്‍ ഒരു ലോറിയില്‍ ഉപേക്ഷിച്ചതാണ് പോലിസിനെ കബളിപ്പിച്ചത്. ലോറി പോയിടത്തെല്ലാം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചു. ഇതു കണ്ട് പോലീസാകട്ടെ അര്‍ജുന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ധരിക്കുകയും ചെയ്തു. 

എന്നാല്‍, മകനെ കാണാതായി ഒരാഴ്ച പിന്നിട്ടതോടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. കോടതി നിര്‍ദേശിച്ചപ്പോഴാണ് പോലീസ് വിശദമായ അന്വഷണത്തിന് തയാറായത്. തൊട്ടടുത്ത ദിവസം വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയ പ്രതികളെ പോലീസ് വീണ്ടും ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ ചുരുളഴിയുകയും തല്ലിക്കൊന്ന അര്‍ജുന്റെ മൃതദേഹം ഒളിപ്പിച്ച നെട്ടൂരിലെ ചതുപ്പ് നിലം പ്രതികള്‍ പോലീസിന് കാണിച്ചുകൊടുക്കുകയുമായിരുന്നു. മുന്‍ വൈരാഗ്യമാണ് മകന്റെ കൊലയ്ക്ക് കാരണമെന്ന് അര്‍ജുന്റെ പിതാവ് പറഞ്ഞു. 
പ്രതികളെല്ലാം അര്‍ജുന്റെ കൂട്ടുകാരും സമപ്രായക്കാരുമാണ്. 

വ്യാഴാഴ്ച രാവിലെ പുറത്തെടുത്ത അഴുകിയ നിലയിലുള്ള മൃതദേഹം മാംസമെല്ലാം നഷ്ടപ്പെട്ട് എല്ല് മാത്രം അവശേഷിച്ച നിലയിലായിരുന്നു. കാണാതായ സമയത്ത് അര്‍ജുന്‍ ധരിച്ചിരുന്ന ഷര്‍ട്ടും ജീന്‍സും മൃതദേഹത്തിലുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.