Latest News

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു: 19.06 ലക്ഷം പേര്‍ പുറത്ത്

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി.) അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 19.06 ലക്ഷം ആളുകള്‍ക്ക് പട്ടികയില്‍ ഇടം നേടാനായില്ല. 3.11 കോടി ആളുകളാണ് പട്ടികയിലുള്ളത്. http://www.nrcassam.nic.in എന്ന വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.[www.malabarflash.com]

2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേര്‍ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും അതില്‍ 2.89 പേര്‍ക്കു മാത്രമാണ് കരട് പട്ടികയില്‍ ഇടംനേടാനായത്.

41 ലക്ഷം ആളുകള്‍ അന്ന് പട്ടികയ്ക്ക് പുറത്തായിരുന്നു. പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയില്‍ നിന്നാണ്‌ 19.06 ലക്ഷം പേര്‍ പുറത്തായത്‌.

ഒഴിവായവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ നാലു മാസം സമയം നല്‍കിയിട്ടുണ്ട്. ആറു മാസത്തിനകം അപ്പീലില്‍ തീരുമാനമെടുക്കും.

2005 മെയ് മാസമാണ് സംസ്ഥാനത്തെ യഥാര്‍ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ആകെ ലഭിച്ച പൗരത്വ അപേക്ഷകള്‍ 3.28 കോടിയാണ്. കരട് പട്ടിക തയ്യാറാക്കിയപ്പോള്‍ 41 ലക്ഷം പേരുടെ രേഖകള്‍ സംശയകരമായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍ആര്‍സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എന്‍ആര്‍സി സെന്ററുകള്‍ ആരംഭിച്ചിരുന്നു.

1951 ലാണ് അവസാനമായി എന്‍ ആര്‍സി പുതുക്കിയത്. ഇതിനു ശേഷം പട്ടിക തയ്യാറാക്കാന്‍ മുന്നിട്ടിറങ്ങുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് അസം. 1951ല്‍ ആദ്യ പൗരത്വ രജിസ്റ്റര്‍ തയാറാക്കുമ്പോള്‍ അസമില്‍ 80 ലക്ഷമായിരുന്നു ജനസംഖ്യ.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് 1979ല്‍ അഖില അസം വിദ്യാര്‍ഥി യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. പ്രക്ഷോഭം ആറുവര്‍ഷമാണു നീണ്ടത്. 1985 ഓഗസ്റ്റ് 15ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവച്ചതോടെയാണു പ്രക്ഷോഭം അവസാനിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.