Latest News

ബിറ്റ് കോയിന്‍ തട്ടിപ്പ് കേസ് പ്രതിയായ മലയാളി ഡെറാഡൂണില്‍ കൊല്ലപ്പെട്ടു

മലപ്പുറം: കോടികളുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന മലയാളി ഡെറാഡൂണില്‍ കൊല്ലപ്പെട്ടതായി വിവരം.[www.malabarflash.com]

മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ വടക്കന്‍ പാവൂര്‍ സ്വദേശിഷുക്കൂറാ(24)ണ് കൊല്ലപ്പെട്ടെന്ന് പെരിന്തല്‍മണ്ണ പോലിസിനു വിവരം ലഭിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചത്. 

കഴിഞ്ഞ രണ്ടു വര്‍ഷമായി ഷുക്കൂറും ഇയാളുടെ പിതാവിന്റെ മറ്റൊരു ഭാര്യയിലുള്ള മകനും ചേര്‍ന്ന് മലേഷ്യന്‍ ബിറ്റ് കോയിന്റെ പേരില്‍ കേരളത്തിലെ കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരില്‍ നിന്നായി 300 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതായി പരാതിയുണ്ടായിരുന്നു. 

ഇതേത്തുടര്‍ന്ന് ഷുക്കൂര്‍ ഒളിവിലായിരുന്നു. ഡെറാഡൂണിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഒരു വ്യവസായ സ്ഥാപനത്തിനു സമീപമാണ് കൊലപാതകം നടന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവിനെ ഡെറാഡൂണിലെ ആശുപത്രിയില്‍ എത്തിച്ചത് മൂന്ന് കോഴിക്കോട് സ്വദേശികളാണെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പെരിന്തല്‍മണ്ണ പോലിസിനു കൈമാറിയിട്ടുണ്ട്. 

കഴിഞ്ഞ ജനുവരി മാസത്തില്‍ ബിറ്റ്‌കോയിന്‍ തട്ടിപ്പിനിരയായി കോടികള്‍ നഷ്ടപ്പെട്ട നൂറോളം പേര്‍ കാസര്‍കോട് മുളിയാര്‍ മുതലപ്പാറയിലെ ഷുക്കൂറിന്റെ പിതാവിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, വീട്ടുടമയ്ക്കു പോലിസ് സംരക്ഷണം നല്‍കിയതോടെ ഇവര്‍ തിരിച്ചുപോവുകയായിരുന്നു..

നേരത്തേ, തട്ടിപ്പിനിരയായവര്‍ ആദൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും സംഭവം നടന്നത് മറ്റു സ്ഥലങ്ങളിലായതിനാല്‍ കേസെടുത്തിരുന്നില്ല. യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സൂചനയുണ്ട്. സംഭവമറിഞ്ഞ് ഷുക്കൂറിന്റെ ബന്ധുക്കളും പെരിന്തല്‍മണ്ണ പോലിസും ഡെറാഡൂണിലേക്ക് പോയിട്ടുണ്ട്. സക്കീനയാണ് കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.