Latest News

കാണാതായ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം കാണാതായ യുവസംവിധായകന്‍ കൊടകരയില്‍ നിന്ന് കണ്ടെത്തി. അക്രമിസംഘം മര്‍ദിച്ച് തട്ടിക്കൊണ്ടുപോയതായി നിഷാദിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. നിഷാദ് ഇപ്പോള്‍ ചികിത്സയിലാണെന്ന് പോലീസ് പറയുന്നു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.[www.malabarflash.com]
ഒപ്പമുണ്ടായിരുന്ന ഭാര്യയെ അടിച്ചുവീഴ്ത്തിയാണ് നിഷാദിനെ കാറില്‍ കടത്തിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പാവറട്ടിയില്‍നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. സംഭവത്തില്‍ പേരാമംഗലം പോലീസ് കേസെടുത്തിരുന്നു.

രാവിലെ അഞ്ചുമണിയോടെ ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായല്‍ ഭാഗത്തുവെച്ച് മുഖംമൂടി ധരിച്ച് വാഹനത്തിലെത്തിയ മൂന്നുപേരാണ് തങ്ങളെ ആക്രമിച്ചതെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറഞ്ഞു. കഴുത്തിന് പരിക്കേറ്റ അവര്‍ അമല ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. ചിയ്യാരം സ്വദേശിയായ നിഷാദ് സംവിധാനം ചെയ്ത 'വിപ്ലവം ജയിക്കാനുള്ളതാണ്' എന്ന സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട നേര്‍ച്ചകള്‍ക്കായി പാവറട്ടി പള്ളിയില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം. നിഷാദ് ഓടിച്ചിരുന്ന കാറിനെ മറികടന്ന് വാഹനം നിര്‍ത്തിയ ശേഷം മുഖംമൂടി ധരിച്ചിറങ്ങിയ സംഘം അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന പ്രതീക്ഷയെ സംഘം മുഖത്തടിച്ചു വീഴ്ത്തി. അടിയുടെ ശക്തിയില്‍ പ്രതീക്ഷ അടുത്തുള്ള ചാലിനു സമീപത്തേക്ക് തെറിച്ചുവീണു. എണീറ്റുവരുന്നതിന് മുമ്പുതന്നെ അക്രമിസംഘം കടന്നുകളഞ്ഞുവെന്ന് പ്രതീക്ഷ പറഞ്ഞു. പ്രതീക്ഷയാണ് പോലീസിനെ വിവരമറിയിച്ചത്.

നല്ല മയക്കത്തിലായിരുന്നതിനാല്‍ വാഹനം തിരിച്ചറിഞ്ഞില്ലെന്ന് പ്രതീക്ഷ പറഞ്ഞു. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ അക്രമിസംഘത്തെയും മനസ്സിലായില്ല. യാത്രാവിവരത്തെപ്പറ്റി മറ്റാരോടും പറഞ്ഞിട്ടില്ലെന്നും പ്രതീക്ഷ പറഞ്ഞു. സിനിമ നിര്‍മിക്കാമെന്ന് ആദ്യമേറ്റ സി. രണദേവ് എന്നയാളുമായി നിഷാദ് തര്‍ക്കത്തിലായിരുന്നു. നിഷാദിനെതിരേ രണദേവ് കോടതിയെ സമീപിച്ചിരുന്നു. ജൂലായ് 26-ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് സ്റ്റേ മൂലം ഓഗസ്റ്റ് രണ്ടാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. സംഭവങ്ങള്‍ക്കു പിന്നില്‍ മുന്‍ നിര്‍മാതാവാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച നിഷാദ് ഫെയ്സ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

സിനിമ തിയേറ്ററുകളിലെത്തിച്ചതിന്റെ വിജയാഘോഷം ബുധനാഴ്ച തൃശ്ശൂരില്‍ വെച്ച് നടത്താനും നിഷാദും കൂട്ടുകാരും തീരുമാനിച്ചിരുന്നു. രണ്ടു മണിക്കൂര്‍കൊണ്ട് ഒറ്റ ഷോട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന യു.ആര്‍.എഫ്. റെക്കോഡ് സിനിമയ്ക്ക് ലഭിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.