Latest News

പി. ചിദംബരം അറസ്റ്റിൽ; സിബിഐ സംഘം എത്തിയത് മതിൽ ചാടിക്കടന്ന്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തു. ഡൽഹി ജോർബാഗിലെ വസതിയിലെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച്ച സിബിഐ കോടതിയിൽ ഹാജരാക്കും.[www.malabarflash.com]

നാടകീയമായാണ് സിബിഐ സംഘം ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടുവളപ്പിലെത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ചിദംബരത്തിന്റെ അറസ്റ്റ്.

അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിനു മുന്നിലേക്കു ചാടിയത് അൽപസമയത്തെ സംഘർഷത്തിനിടയാക്കി. ചിലർ കാറിനു മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു. ഇതേ തുടർന്ന് പ്രവർത്തകർ അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചു.

‘ഒളിച്ചിരുന്ന്’ ഇതെല്ലാം കാണുന്ന ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടിയും വിഷയം സെന്‍സേഷനാക്കുന്നതിനു വേണ്ടിയുമാണ് സിബിഐ ഈ നാടകം കളിക്കുന്നതെന്ന് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.

പിന്നാലെ, ചെന്നൈയിലെ വസതിക്കു മുന്നിൽ കാർത്തി ചിദംബരം മാധ്യമങ്ങളെ കണ്ടു. പത്തു വർഷത്തോളം പഴക്കമുള്ള കേസ് ഇപ്പോൾ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണിതെന്നും കാർത്തി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.