Latest News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: സംഭാവന ചെയ്യരുതെന്ന്‌ ആർഎസ്എസ് ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം

കൊച്ചി: കേരളത്തിനും സർക്കാരിനുമെതിരെ ആർഎസ്എസ് ഗ്രൂപുകളിൽ വ്യാപക പ്രചാരണം. പ്രളയം സർക്കാർ വരുത്തിവെച്ചതാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്യരുതെന്നുമുള്ള പ്രചാരണത്തിന്റെ വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകൾ പുറത്തുവന്നു.[www.malabarflash.com]

സുദർശനം എന്ന ആർഎസ്എസ് നേതൃത്വത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ സ്ക്രീൻഷോട്ടുകളാണ് പുറത്തുവന്നത്.
മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലെ തുക വിനിയോഗിച്ചതിന്റെ കണക്കുകൾ കേരള സർക്കാരിന്റെ റീ- ബിൾഡ് കേരളയുടെ ലിങ്ക് കണ്ട് ഒരു സംഘ പരിവാറുക്കാരൻ സൈറ്റിൽ കൃത്യമായി കൊടുത്തിട്ടുണ്ടെന്ന് അംഗീകരിക്കുന്നുണ്ട്. എങ്കിലും സംഭാവന ചെയ്യരുതെന്ന നിലയിലുള്ള പ്രചാരണം ഒരുപരിധിവരെ ഏറ്റിട്ടുണ്ടെന്നാണ് ഗ്രൂപ്പിൽ ചർച്ച നടന്നത്.

തെറ്റായ പ്രചാരണം മൂലം ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾ നൽകാൻ ആളുകൾ മടിക്കുന്നതായി ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായ ആളുകൾ പരാതിപ്പെടുന്നു. 

മനുഷ്യർ അവശ്യ സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുമ്പോൾ ദുരിതാശ്വാസ പ്രവർത്തനത്തിന് വിലങ്ങുതടിയാകുന്ന വിധത്തിൽ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
മുഖ്യമന്ത്രി വരുത്തിവെച്ച പ്രളയമാണ് 2019ൽ ഉണ്ടായിരിക്കുന്നതെന്നും അയ്യപ്പ ശാപമാണ് കരണമെന്നുമെല്ലാം ഇവർക്കിടയിൽ സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്നാണ് ഇത്തരക്കാരുടെ പ്രചാരണവും വലിയ രീതിയിൽ ജനങ്ങളുടെ ഇടയിൽ ചർച്ചയാകുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തുന്ന പണം മുഖ്യമന്ത്രിക്കോ ഉദ്യോഗസ്ഥർക്കോ ദുരുപയോഗം ചെയ്യാനാവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കണ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിന് കീഴിൽ വരുന്നതാണ്. ഈ ഫണ്ടിലേക്കുള്ള പണം ബാങ്ക് വഴി വരുന്നതിനാൽ ഇതിന് രേഖയുണ്ട്. ആദായ നികുതി ഇളവും ഉണ്ട്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലാണ് ഈ അക്കൗണ്ടുള്ളത്.

എന്നാൽ റവന്യു വകുപ്പാണ് ഇത് കൈകാര്യം ചെയ്യുന്നത്. വിവരാവകാശ നിയമപ്രകാരം ഇതിന്റെ കണക്കുകൾ പൊതുജനങ്ങൾക്ക് അറിയാവുന്നതുമാണ്. മൂന്നുലക്ഷം രൂപ വരെയുള്ള ദുരിതാശ്വാസമേ മുഖ്യമന്ത്രിക്ക് അനുവദിക്കാനാകൂ. അതിൽ കൂടുതൽ പണം ചെലവഴിക്കണമെങ്കിൽ ക്യാബിനറ്റിന്റെ അനുവാദത്തോടെ മാത്രമേ അനുവദിക്കാനാകൂ. കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.