Latest News

സുരേഷ് എടയാട്ടിന്റെ ഓർമയിൽ കുടുംബത്തിന് വീട്

കാസര്‍കോട്: ചട്ടഞ്ചാലിലെ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് എടയാട്ടിന്റെ കരൾമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സമാഹരിച്ച13 ലക്ഷംരൂപ കുടുംബത്തിന് വീടു നിർമിക്കാനും കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനും ഉപയോഗിക്കും.[www.malabarflash.com]

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മുൻപേ ചികിത്സയിലിരിക്കേ സുരേഷ് കഴിഞ്ഞ ഫെബ്രുവരി 22-ന് വിടവാങ്ങിയിരുന്നു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്രഅബ്ദുൽഖാദർ ചെയർമാനും സി.പി.എം. മുൻ ഉദുമ ഏരിയാ സെക്രട്ടറി ടി.നാരായണൻ ജനറൽ കൺവീനറും ചെമ്മനാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൃഷ്ണൻ ചട്ടഞ്ചാൽ ഖജാൻജിയുമായ ചികിത്സാ സഹായകമ്മിറ്റിക്കൊപ്പം നാടൊന്നാകെ ചേർന്നായിരുന്നു പണം സ്വരൂപിച്ചിരുന്നത്. 

സുരേഷിന്റെ അമ്മയോടൊപ്പമാണ് ഭാര്യ സീമന്തിനിയും കുട്ടികളായ ദേവാംഗന (ഏഴ്) യും, ധ്യാൻകൃഷ്ണ(നാല്) യും കഴിഞ്ഞിരുന്നത്. 

സമാഹരിച്ചപണം ചികിത്സക്ക് ഉപകരിച്ചില്ലെങ്കിലും കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഉപ യോഗിക്കണമെന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കമ്മിറ്റി ഈ തീരുമാനം അറിയിച്ചപ്പോൾ സുരേഷിന്റെ അമ്മ ചിരുതയുടെ നന്മ മനസ്സ് വീണ്ടും ഉണർന്നു. വീട് നിർമിക്കുന്നതിന് എടയാട്ട് നാല് സെൻറ് സ്ഥലം അവർ നൽകി. ഇവിടെ എട്ടുലക്ഷം രൂപ ചെലവിൽ ആറുമാസത്തിനകം വീട് നിർമാണം പൂർത്തിയാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. 

ബാക്കി തുക കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും. വീടിന്റെ കുറ്റിയടിക്കൽകർമം ബുധനാഴ്ച നടന്നു.കെ.മൊയ്തീൻ കുട്ടി ഹാജി, ടി.നാരായണൻ, കൃഷ്ണൻ ചട്ടഞ്ചാൽ, ശംസുദ്ദീൻ തെക്കിൽ, അബ്ദുൽഖാദർ ചട്ടഞ്ചാൽ എന്നിവരും നാട്ടുകാരും സുരേഷിന്റെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.