Latest News

വിദ്വേഷ പ്രസംഗം: സാക്കിര്‍ നായിക്കിനെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്തു

ക്വാലാലംപൂര്‍: മലേഷ്യയിലെ ഹിന്ദു മതവിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ഇസ്‌ലാം മത പ്രചാരകനും പ്രഭാഷകനുമായ സാക്കിര്‍ നായിക്കിനെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്തു. [www.malabarflash.com]

പത്തു മണിക്കൂറോളമാണ് സാക്കിറിനെ ചോദ്യം ചെയ്യലിനു വിധേയമാക്കിയത്. വിദ്വേഷ പ്രസംഗ് നടത്തിയെന്ന പേരില്‍ ഇത് രണ്ടാം തവണയാണ് സാക്കിറിനെ ചോദ്യം ചെയ്യുന്നത്.

ആഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബരുവില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരെ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് സ്വന്തം രാജ്യത്തിന്റെ പ്രധാന മന്ത്രിയെക്കാള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി മോദിയോടാണ് കൂറെന്ന് സാക്കിര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഇതോടൊപ്പം പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ രാജ്യം വിടണമെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങളെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. ഇതിനെ മലേഷ്യന്‍ പ്രധാന മന്ത്രി മഹാതിര്‍ മുഹമ്മദ് അപലപിച്ചിരുന്നു.

മതപ്രസംഗം നടത്താനുള്ള അവകാശം സാക്കിറിനുണ്ടെങ്കിലും വിദ്വേഷ പ്രസ്താവനകള്‍ നടത്താനോ രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ അദ്ദേഹത്തിന് അവകാശമില്ലെന്നും മഹാതിര്‍ പറഞ്ഞു. വിവാദ പ്രസ്താവനയെ കുറിച്ച് പോലീസ് അന്വേഷണത്തിനും മഹാതിര്‍ ഉത്തരവിട്ടിരുന്നു. 

മലേഷ്യന്‍ പീനല്‍ കോഡിലെ 504ാം വകുപ്പിനു കീഴില്‍ വരുന്ന മനപ്പൂര്‍വമുള്ള വിദ്വേഷ പ്രചാരണമാണ് സാക്കിറിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.
ബുഖിത് അമാന്‍ പോലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ സാക്കിറിന്റെ മൊഴി റെക്കോഡ് ചെയ്തിട്ടുണ്ട്. അഭിഭാഷകന്‍ അക്ബറുദ്ദീന്‍ അബ്ദുല്‍ ഖാദിറിനൊപ്പമാണ് നായിക്ക് ചോദ്യം ചെയ്യലിനെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.