Latest News

വിദേശ ശക്തികള്‍ ഗള്‍ഫ് വിടുന്നതാണ് നല്ലത്; അമേരിക്കക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാന്‍

തെഹ്റാന്‍: സഊദിയിലേക്ക് സൈന്യത്തെ അയക്കുന്ന അമേരിക്കക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് വിദേശ ശക്തികള്‍ ഭീഷണിയാവുകയാണെന്നും എത്രയും വേഗം അവര്‍ മേഖല വിടണമെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി ആവശ്യപ്പെട്ടു.[www.malabarflash.com]

ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക പരേഡിലായിരുന്നു റൂഹാനിയുടെ മുന്നറിയിപ്പ്. സഊദി അറേബ്യയുടെ എണ്ണ മേഖലക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന ആരോപണത്തിന് പിന്നാലെ മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കുന്നുണ്ട്.

ഗള്‍ഫ് മേഖലയില്‍ നിലയുറപ്പിച്ച വിദേശ സൈന്യം തിരിച്ചുപോകണം. ഒരു ആയുധ മത്സരത്തിന് നില്‍ക്കാതിരിക്കുന്നതാണ് നല്ലത്. വേദനാജനകമായ കനത്ത ആഘാതമായിരിക്കും അവര്‍ക്കുണ്ടാകുക. വിദേശ സൈന്യം നമ്മുടെ രാജ്യത്തിനും മേഖലക്കും പ്രശ്നങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. മുമ്പ് ഇത്തരത്തിലുള്ള സൈനിക വിന്യാസം കനത്ത പ്രത്യാഘാതത്തിലേക്ക് നയിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന യു എസ് ജനറല്‍ അസംബ്ലിയില്‍ ഗള്‍ഫ് സമാധാനത്തിന് ആവശ്യമായ കാര്യങ്ങള്‍ അവതരിപ്പിക്കും. റൂഹാനി വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് ലോക രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയെന്നതാണ് യു എന്നിലെ ഇടപെടല്‍ കൊണ്ട് ഇറാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, അദ്ദേഹം അവതരിപ്പിക്കാനിരിക്കുന്ന വിഷയങ്ങളെ കുറിച്ചുള്ള വിശദീകരണം പുറത്തുവിട്ടിട്ടില്ല. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയമായിരിക്കും റൂഹാനി യു എന്നില്‍ ഉന്നയിക്കുക. വിവിധ രാജ്യങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും മുന്‍കാലത്തെ പിഴവുകള്‍ തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സഊദിയുടെ എണ്ണപ്പാടമായ അരാംകോക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ ശക്തമായ പ്രതികരണവുമായി സഊദിയും സഖ്യരാജ്യമായ അമേരിക്കയും രംഗത്തെത്തിയത്. സഊദിക്ക് നേരെ ഹൂത്തികള്‍ നടത്തിയെന്ന് പറഞ്ഞ ആക്രമണങ്ങളെല്ലാം ഇറാനില്‍ നിന്നുള്ളവയായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി സഊദി ആരോപിച്ചതോടെ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സഊദിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ പെന്റഗണ്‍ തീരുമാനിച്ചത്.

ഇറാനെതിരെ ആക്രമണം ഉണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് നേരത്തെ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭാഗത്ത് നിന്നാണ് സഊദിക്കു നേരെ ആക്രമണങ്ങള്‍ നടന്നതെന്നും ഇറാന്റെ ആയുധങ്ങളാണ് ആക്രമണത്തിന് വേണ്ടി ഉപയോഗിച്ചതെന്നുമായിരുന്നു സഊദിയുടെ ആരോപണം. ഈ ആരോപണത്തെ അമേരിക്ക പിന്താങ്ങുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.