Latest News

ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം; അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം. നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അനുമതി നല്‍കി. 1.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഐബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.[www.malabarflash.com]

ചെന്നൈയ്ക്കു പുറത്ത് 3.18 കോടി രൂപയ്ക്ക് അനധികൃതമായി രണ്ട് ഫ്ലാറ്റുകള്‍ സമ്പാദിച്ചെന്നാണ് ഒരു ആരോപണം. ഇതിൽ 1.61 കോടി രൂപ എച്ച്ഡിഎഫ്സി ബാങ്ക് വായ്പ വഴിയാണ് നൽകിയതെന്നും ബാക്കി വരുന്ന 1.56 കോടി രൂപ സ്വന്തം ഫണ്ടുകൾ വഴി ജൂൺ, ജൂലൈ മാസങ്ങളിലാണ് നൽകിയതെന്നുമാണ് റിപ്പോർട്ട്.

താഹിൽ രമണിയുടെ പേരിലുള്ള ആറ് അക്കൗണ്ടുകളാണ് എൻഫോഴ്സ്മെന്റ്‍ ഡയറക്ടറേറ്റ് (ഇഡി) ലിസ്റ്റ് ചെയ്തിരിക്കുന്നത്– ഭർത്താവുമായുള്ള ജോയിന്റ് അക്കൗണ്ട്, അമ്മയുമായി ചേർന്നുള്ള അക്കൗണ്ട്, സാലറി അക്കൗണ്ട്, മകന്റെ അക്കൗണ്ട്. ഇതിൽ നിന്നാണ് 1.61 കോടി രൂപ മൂംബൈയിലെ അക്കൗണ്ടിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ വിശദമായ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.

വിഗ്രഹ മോഷണവുമായി ബന്ധപ്പട്ട് 2018ൽ ജസ്റ്റിസ് മഹാദേവന്റെ കീഴിൽ രൂപീകരിച്ച ബെഞ്ച് താഹിൽ രമണി പിരിച്ചുവിട്ടിരുന്നു. ജസ്റ്റിസ് മഹാദേവൻ അധ്യക്ഷനായ ബെഞ്ച് വിഗ്രഹമോഷണക്കേസിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അന്വേഷണത്തിൽ തമിഴ്നാട്ടിലെ ഒരു മന്ത്രി ഉൾപ്പെട്ടിരുന്നെന്നും അയാളുടെ നിർദേശമനുസരിച്ചാണ് താഹിൽരമണി യാതൊരു കാരണവുമില്ലാതെ ബെഞ്ച് പിരിച്ചുവിട്ടതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇഡിയുടെ അഞ്ചു പേജുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സിബിഐക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ചിഫ് ജസ്റ്റിസായിരിക്കെ മേഘാലയിലേക്കു സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് ജസ്റ്റിസ് താഹിൽ രമണി രാജിവച്ചിരുന്നു.

മേഘാലയ ചീഫ് ജസ്റ്റിസായുള്ള സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍ രമണി സുപ്രീംകോടതി കൊളീജിയത്തെ സമീപിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളുടെയും ശിക്ഷ ശരിവച്ചത് ജസ്റ്റിസ് രമണിയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.