Latest News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിയെടുക്കാൻ ശ്രമിച്ച കമ്പ്യൂട്ടർ എൻജിനിയർ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയയ്ക്കേണ്ട ഔദ്യോഗിക യു.പി.ഐ വിലാസത്തോട് സാദൃശ്യമുള്ള ഐ.ഡിയുണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശി സബാജിത് രഘുനാഥ് യാദവിനെ (24) തിരുവനന്തപുരം സൈബർക്രൈം പോലീസ് മുംബയിൽ നിന്ന് അറസ്റ്റ് ചെയ്തു.[www.malabarflash.com]

യഥാർത്ഥ വിലാസമായ Keralacmdrf@sbi എന്നതിനോട് സാദൃശ്യമുള്ള kerelacmdrf@sbi എന്ന വ്യാജ വിലാസമുണ്ടാക്കി ഇയാൾ പണം നിക്ഷേപിക്കാൻ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

ഇയാൾ തട്ടിപ്പിനുപയോഗിച്ച ബാങ്കിന്റെ വിവരങ്ങൾ സൈബർക്രൈം ഡിവൈ.എസ്.പി എൻ. ജീജി, ഇൻസ്പെക്ടർ ആർ. റോജ് എന്നിവർ കണ്ടെത്തിയതാണ് നിർണായകമായത്. ബാങ്ക് രേഖകളിൽ നിന്ന് ഇയാളുടെ വിലാസം തിരിച്ചറിഞ്ഞു. മൊബൈൽ നമ്പറുപയോഗിച്ച് ടവർ ലൊക്കേഷൻ പരിശോധിച്ച് ഇയാൾ മുംബയ് ഗോറിഗോൺ ഈസ്റ്റിൽ ഉണ്ടെന്ന് കണ്ടെത്തി. 

ഇൻസ്പെക്ടർ ആർ. റോജ്, സൈബർ പൊലീസ് സിവിൽ ഓഫീസർമാരായ സുബീഷ്, ശബരീനാഥ്, സമീർഖാൻ എന്നിവർ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് വലയിലാക്കുകയായിരുന്നു. സബാജിത്തിനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്ര് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

കമ്പ്യൂട്ടർ എൻജിനിയറായ സബാജിത് നവിമുംബയിലെ ഐ.ടി കമ്പനിയിൽ മുപ്പതിനായിരം രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയാണ്. 2018ലെ മഹാപ്രളയകാലത്താണ് ബാങ്ക് ഒഫ് മഹാരാഷ്ട്രയുമായി കണക്ട് ചെയ്ത് ഇയാൾ വ്യാജ വിലാസമുണ്ടാക്കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിലാസമെന്ന രീതിയിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട് 20മിനിട്ടിനകം 10,000 രൂപ അക്കൗണ്ടിലേക്കെത്തി. ഇതോടെ സബാജിത് വിലാസം ഡീ-ആക്ടിവേറ്റ് ചെയ്തു. അബദ്ധത്തിൽ ഇങ്ങനെയൊരു യു.പി.ഐ വിലാസമുണ്ടാക്കിയെന്നും ബ്ലോക്ക് ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന എസ്.ബി.ഐയ്ക്ക് ഇ-മെയിൽ അയച്ചു. എന്നാൽ ഈ വിലാസം ഇപ്പോഴും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിലേക്ക് ഇപ്പോൾ പണം അയയ്ക്കാനാവില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.