Latest News

സ്റ്റുഡിയോ ഉടമയെ അടിച്ചു വീഴ്‌ത്തി ക്യാമറയുമായി മുങ്ങിയ പ്രതി അറസ്റ്റിൽ

കായംകുളം: സ്റ്റുഡിയോ ഉടമയെ അടിച്ചു വീഴ്‌ത്തി ലക്ഷങ്ങൾ വിലയുള്ള ക്യാമറയുമായി മുങ്ങിയ പ്രതിയെ കായംകുളം പോലീസ് അറസ്റ്റു ചെയ്തു. മാർത്താണ്ഡം സ്വദേശി രാജേഷിനെയാണ് കേരള അതിർത്തിയിൽ വെച്ച് അറസ്റ്റു ചെയ്തത്.[www.malabarflash.com]

ഓഗസ്റ്റ് 29-ന് കായംകുളം കാർത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിനെ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥനെന്ന് പറഞ്ഞ്‌ ചിത്രങ്ങൾ എടുക്കാൻ കുട്ടിക്കൊണ്ടു പോയ ശേഷം വഴിയിൽ വെച്ച് അടിച്ചു വീഴ്‌ത്തി ക്യാമറയുമായി മുങ്ങിയത്.

അന്വേഷണത്തിൽ പ്രതി തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തേക്കുകടന്നതായി സൂചന ലഭിച്ചു. സി.പി.ഒ.മാരായ രാജേഷ് ആർ.നായർ, എസ്.ബിനുമോൻ എന്നിവർ പ്രതിയെ തുടർച്ചയായി നിരീക്ഷിച്ച്‌ പിന്തുടർന്ന് കണ്ടെത്തി.

വിവരം അറിയിച്ചതിനെത്തുടർന്ന് കായംകുളം എസ്.ഐ. കെ. സുനിമോൻ, സി.പി.ഒ.മാരായപി. എസ്.യേശുദാസ്, ശ്രീനാഥ് എന്നിവരും പൊഴിയൂരിൽ എത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

കൊല്ലം കരുനാഗപ്പള്ളിയിലെ യൂസ്ഡ് ബൈക്കുകൾ വിൽക്കുന്ന കടയിൽ നിന്ന്‌ നേരത്തേ ഇയാൾ ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷ്ടിച്ചിരുന്നു. ഈ ബൈക്കിൽ സഞ്ചരിച്ച് തിരുവനന്തപുരം വെള്ളറടയിൽ നിന്നും പത്തനംതിട്ട ജില്ലയിലെ പുളിക്കീഴു നിന്നും തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നും ക്യാമറകൾ കവർന്നിട്ടുണ്ട്.

സ്റ്റുഡിയോ ഉടമകളെയും ജീവനക്കാരെയും സർക്കാർ ജീവനക്കാരൻ ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ചിത്രങ്ങൾ എടുക്കാൻ വിളിച്ചുകൊണ്ടുപോയി കബളിപ്പിച്ചാണ് കവർച്ചകളെല്ലാം. ക്യാമറകൾ നാഗർകോവിലിനടുത്തുള്ള കോട്ടാർ എന്ന സ്ഥലത്തായിരുന്നു ഇയാൾ ചുരുങ്ങിയ വിലയ്ക്ക് വിറ്റിരുന്നത്.

തമിഴ്നാട്ടിൽ കൊലക്കുറ്റത്തിന് ജയിലിലായിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞിറങ്ങിയിട്ട് ആറു മാസമെ ആയിട്ടുള്ളു. മുൻപ് വെണ്മണിയിൽ പിടിച്ചുപറി കേസിൽ അറസ്റ്റിലായ ഇയാൾ രണ്ടരവർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ഡിവൈ.എസ്.പി. ആർ.ബിനു പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.