Latest News

സദാചാര ഗുണ്ടായിസം; യുവാവിന്​ മർദനം, ഒരാൾക്ക് കുത്തേറ്റു

തൊടുപുഴ: പട്ടാപ്പകൽ നഗരമധ്യത്തിൽ സദാചാര ഗുണ്ടായിസം. പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന യുവാവ് അടക്കം നാലുപേര്‍ക്ക് മര്‍ദനത്തിലും കത്തിക്കുത്തിലുമായി പരിക്കേറ്റു.[www.malabarflash.com]

അക്രമത്തിന്​ പുറമെ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന്​ പ്രതികൾക്കെതിരെ പോക്സോ ചുമത്തിയും പോലീസ്​ കേസെടുത്തു. കരിങ്കുന്നം പ്ലാന്റേഷൻ സ്വദേശി ചേലത്തില്‍ ലിബിനാണ്​ (27) സംഘര്‍ഷത്തിനിടെ കുത്തേറ്റത്.

തോളില്‍ ആഴത്തില്‍ കത്തി തുളച്ചുകയറിയ ഇയാളെ കോലഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന അച്ചന്‍ക്കവല ചിറയത്ത് ബിനുവിന്​ (20) സംഘം ചേര്‍ന്നുള്ള മര്‍ദനത്തില്‍ മാരകമായി പരിക്കേറ്റു. ഇയാളെയും കുത്തേറ്റ ലിബിനൊപ്പമുണ്ടായിരുന്ന മണക്കാട് വള്ളോംകല്ലേല്‍ അനന്തു (20), പെരുമ്പിള്ളിച്ചിറ കരിമലക്കോട്ടില്‍ ശ്യാംലാല്‍ (31) എന്നിവരെയും പരിക്കുകളോടെ കാരിക്കോട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്​ച വൈകീട്ട് 3.30ഓടെ തൊടുപുഴ ടൗണില്‍ മുനിസിപ്പല്‍ ബസ്​സ്​റ്റാൻഡിന്​ സമീപം ഐ.എം.എ റോഡിലായിരുന്നു സംഭവം.

പെണ്‍ക്കുട്ടിക്കൊപ്പം ബിനു സംസാരിച്ചുകൊണ്ടിരുന്നത് ലിബിനും ശ്യാംലാലും അനന്തുവും സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്ന്​ പോലീസ്​ പറഞ്ഞു. സമീപത്തെ പള്ളിയില്‍ മാമോദീസക്ക്​ എത്തിയതായിരുന്നു മൂന്നംഗ സംഘം. ഇവര്‍ ബിനുവിനെ ക്രൂരമായി മര്‍ദിക്കുന്നതിനിടെ ഇവരുടെ കൈവശം ഉണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി ബിനു ലിബിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തോളില്‍ രണ്ടര സെന്റീമീറ്റർ ആഴത്തില്‍ കത്തി തുളച്ചുകയറി.

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കത്തി ഊരിയെടുക്കാനാകാത്തതിനാൽ വാസ്‌കുലര്‍ ശസ്ത്രക്രിയ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബിനു പോലീസ് കാവലിലാണ്​ ആശുപത്രിയില്‍ കഴിയുന്നത്​. മൂന്നംഗ സംഘം കൈയില്‍ കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന്​ നൽകിയ മൊഴി. 

എന്നാല്‍, ബിനു പെണ്‍കുട്ടിയെ തല്ലുന്നതുകണ്ട്​ ഇടപെടുകയായിരുന്നെന്നാണ്​ പ്രതികൾ പോലീസിനോട്​ പറഞ്ഞത്. ആശുപത്രിയില്‍നിന്ന്​ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ്​ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.