Latest News

നാലുവരിപ്പാതയുടെ ആദ്യഘട്ട ജോലി കാസര്‍കോട്ട് നിന്നാരംഭിക്കും

കാസര്‍കോട്: കേരളത്തില്‍ നാലുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ജീവന്‍ വെക്കുന്നു. ദേശീയപാത വികസനം മൂലം സ്ഥലവും സ്ഥാപനങ്ങളും വീടുകളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.[www.malabarflash.com] 

നഷ്ടപരിഹാരതുകയായി കാസര്‍കോട് ജില്ലയ്ക്ക് ദേശീയപാതാ അതോറിറ്റി 47.38 രൂപ കൂടി അനുവദിച്ചതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അധികം കാലതാമസം ഉണ്ടാകില്ലെന്നാണ് വിവരം. ഇപ്പോള്‍ അനുവദിച്ച തുകയ്ക്കൊപ്പം തന്നെ നേരത്തെ അനുവദിച്ച 191 കോടി രൂപയും ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. ഇതോടെ ആകെ ലഭിച്ച നഷ്ടപരിഹാര തുക 238.38 കോടി രൂപയാണ്. 

അടുക്കത്ത് ബയല്‍, നീലേശ്വരം, ഉപ്പള, തെക്കില്‍, അജാനൂര്‍, കാസര്‍കോട്, ബങ്കര മഞ്ചേശ്വരം, മുട്ടത്തൊടി, ഹൊസ്ദുര്‍ഗ്, ചെങ്കള, കാഞ്ഞങ്ങാട്, ഷിറിയ, മൊഗ്രാല്‍, ഉദ്യാവര , കുഞ്ചത്തൂര്‍ വില്ലേജുകളില്‍ ഭൂമി ഏറ്റെടുത്തവര്‍ക്കാണ് ഈ തുകയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കേണ്ടത്. 

അടുക്കത്ത് ബയല്‍, കാസര്‍കോട്, കാഞ്ഞങ്ങാട് വില്ലേജുകളിലെ നഷ്ടപരിഹാരം നല്‍കുന്നത് താത്കാലികമായി തടഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ നഷ്ടപരിഹാര തുക നിശ്ചയിച്ചത് കൂടുതലാണെന്നാണ് ദേശീയ പാത അതോറിറ്റി വിഭാഗം പറയുന്നത്. നിലവിലുള്ള മാനദണ്ഡപ്രകാരമാണ് വില നിശ്ചയിച്ചതെന്നും തുക നല്‍കണമെന്നുമാണ് ഭൂമി ഏറ്റെടുക്കല്‍ വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്. 

ഇക്കാര്യം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡി സജിത്ബാബുവിന്റെ അധ്യക്ഷതയില്‍ 17ന് കലക്ട്രേറ്റില്‍ യോഗം ചേരും. നേരത്തെ 22 ഹെക്ടറിലെ 1663 ഭൂവുടമകള്‍ക്കായി 365.30 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 292.24 കോടി രൂപ ഉടമകള്‍ക്ക് കൈമാറി. 20.86 കോടി രൂപ മതിയായ രേഖകള്‍ നല്‍കുന്നതിനനുസരിച്ച് കൈമാറും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.