Latest News

ഉംറ വിസ: തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടിയായി വീണ്ടും സൗദി സര്‍ക്കാരിന്റെ ഫീസ് വര്‍ധന

സൗദി: ഉംറ വിസ സ്റ്റാമ്പിങ്ങിലെ പ്രതിസന്ധി തുടരുന്നതിനിടയില്‍ തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടിയായി വീണ്ടും സൗദി സര്‍ക്കാരിന്റെ ഫീസ് വര്‍ധന. [www.malabarflash.com]

ഈവര്‍ഷം നിലവില്‍ വന്ന പുതിയ സംവിധാനം തുടരുന്നതിനിടയില്‍ യാതൊരുവിധ മുന്നറിയിപ്പൊന്നുമില്ലാതെയാണ് ഉംറ വിസയ്ക്ക് 300 റിയാല്‍ അധികം ചുമത്തിക്കൊണ്ടുള്ള സൗദി മന്ത്രാലയത്തിന്റ പുതിയ ഉത്തരവ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്.

പുതിയ സംവിധാനം വന്നതോടെ തീര്‍ത്ഥാടകരുടെ യാത്രയുടെ ചെലവ് കഴിഞ്ഞ വര്‍ഷത്തെ നിരക്കിനേക്കാള്‍ 10,000 രൂപയ്ക്കു മുകളിലായിരുന്നു. ഈ വര്‍ധന തന്നെ പല ഉംറ ഗ്രൂപ്പുകാര്‍ക്കും യാത്രക്കാര്‍ക്കും വലിയ പ്രയാസമാണുണ്ടാക്കിയത്.
വിസ അടിക്കാന്‍ വേണ്ടി ഹോട്ടലും വിമാന ടിക്കറ്റും എല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്ത് വരുംദിവസങ്ങളില്‍ പോവാന്‍ തയ്യാറായി നില്‍ക്കുന്ന യാത്രക്കാരോട് എന്ത് മറുപടി പറയുമെന്ന ആശങ്കയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. 

കഴിഞ്ഞ വര്‍ഷം ഉംറ വിസ അടിക്കാനായി സൗദി സര്‍ക്കാര്‍ 2,500 രൂപ ഈടാക്കിയപ്പോള്‍ ഈ വര്‍ഷം മുഹറം ഒന്ന് മുതല്‍ നിരക്ക് വര്‍ധനയോടുകൂടി 8,000 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍, 300 റിയാല്‍കൂടി അധികവര്‍ധന പ്രാബല്യത്തിലായതോടെ ഉംറ വിസ ഫീസ് മാത്രം 14,000 രൂപയായി വര്‍ധിക്കും. 

എന്നാല്‍, രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടാംതവണ പോവുമ്പോള്‍ 2,000 റിയാലായിരുന്നത് ഇപ്പോള്‍ മൂന്നുവര്‍ഷത്തിനിടയില്‍ രണ്ടാംതവണ പോവുമ്പോള്‍ അത് 300 റിയാലായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.