Latest News

നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് റോഡില്‍വീണ യുവാവിന്റെ ശരീരത്തില്‍ ബസ് കയറി;കണ്‍മുന്നില്‍ കണ്ട ദാരുണമരണത്തില്‍ വിറങ്ങലിച്ച് യാത്രക്കാര്‍

കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തില്‍ പിറകെ വന്ന ബസ് കയറി. തത്ക്ഷണം യുവാവ് പിടഞ്ഞു മരിക്കുന്ന ദാരുണദൃശ്യത്തിന് യാത്രക്കാര്‍ സാക്ഷിയായി.[www.malabarflash.com] 

ഒടയംചാലിലെ ടി.വി.എസ് ബൈക്ക് ഷോറൂം ജീവനക്കാരനും കാനത്തൂര്‍ തൈരയിലെ അരവിന്ദാക്ഷന്‍-പുഷ്പ ദമ്പതികളുടെ മകനുമായ അശ്വിന്‍ രാജാണ് (21) അപകടത്തില്‍ മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 3.45 മണിയോടെ കാഞ്ഞങ്ങാട് സൗത്തിനടുത്ത് കൊവ്വല്‍പള്ളിയിലാണ് അപകടം. കുറുകെ ചാടിയ നായയെ ഇടിക്കാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. ഇതോടെ സ്‌കൂട്ടര്‍ സഹിതം റോഡിലേക്ക് തെറിച്ചുവീണ അശ്വിന്റെ ദേഹത്ത് നീലേശ്വരം പെരിയങ്ങാനം- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സ്വകാര്യബസ് കയറുകയായിരുന്നു.

തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ യുവാവ് തത്ക്ഷണം പിടഞ്ഞുമരിക്കുകയാണുണ്ടായത്. ഈ സമയം സ്ഥലത്ത് യാത്രക്കാരും നാട്ടുകാരുമടക്കം നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ബസില്‍ യാത്ര ചെയ്യുകയായിരുന്നവര്‍ ഈ ദാരുണരംഗം കാണാനാകാതെ കണ്ണുപൊത്തി.

അശ്വിന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരന്‍ അക്ഷയിനോടൊപ്പം ഒടയംചാലിലെ ബൈക്ക് ഷോറൂമില്‍ ജോലിക്ക് പോകാന്‍ തുടങ്ങിയത്.

ബുധനാഴ്ച വൈകുന്നേരം കൊവ്വല്‍പള്ളിയിലെ വാഹന ഷോറൂമില്‍ നിന്നു പുതിയ സ്‌കൂട്ടറെടുത്ത് ഒടയംചാലിലെ ഷോറൂമിലേക്ക് പോകുമ്പോഴാണ് അപകടം. ആദര്‍ശ് അശ്വിന്റെ മറ്റൊരു സഹോദരനാണ്.

ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.