Latest News

വീഡിയോ പെരുമാറ്റച്ചട്ട ലംഘനമെന്ന് ; സുരേന്ദ്രനെതിരെ അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശം

കോന്നി: കോന്നിയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് വോട്ട് അഭ്യർഥിച്ച് മതചിഹ്നങ്ങൾ ദുരുപയോഗപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി ബി നൂഹ് നിര്‍ദേശം നല്‍കി.[www.malabarflash.com]

പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും മത ചിഹ്നങ്ങളുടെ ദുരുപയോഗമാണെന്നും പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

വീഡിയോ നിര്‍മിച്ചത് ആരാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. വീഡിയോ അടിയന്തിരമായി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഏജന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ഡിസിസി മീഡിയ കണ്‍വീനര്‍ സലിം പി ചാക്കോ എന്നിവര്‍ നല്‍കിയ പരാതികളും മീഡിയ മോണിറ്ററിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണിച്ചാണ് കളക്ടറുടെ നിര്‍ദേശം.

കോന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് വി എസ് ഹരീഷ് ചന്ദ്രനും വീഡിയോ വ്യാജമാണെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.