Latest News

മഹാത്മാഗാന്ധി ആത്മഹത്യചെയ്തത് എങ്ങനെ ?; ഗുജറാത്ത് സ്‌കൂള്‍ പരീക്ഷയിലെ ചോദ്യം വിവാദമാവുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂള്‍ നടത്തിയ പരീക്ഷയില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആത്മഹത്യചെയ്തത് എങ്ങനെയാണെന്ന ചോദ്യം കടന്നുകൂടിയത് വിവാദമാവുന്നു.[www.malabarflash.com]

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇന്റേണല്‍ പരീക്ഷയ്ക്കിടെയാണ് എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത് ? എന്ന ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയ വിദ്യാര്‍ഥികള്‍ ഗാന്ധിജിയെക്കുറിച്ചുള്ള ചോദ്യംകണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടി. 

സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി. സുഫലം ശാല വികാസ് സങ്കൂല്‍ എന്ന സംഘടനയുടെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

സുഫലം ശാല വികാസ് സങ്കുല്‍ എന്ന സംഘടനയ്ക്ക് സര്‍ക്കാര്‍ ധനസഹായവും ലഭിക്കുന്നുന്നുണ്ട്. ഈ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്‌കൂളുകളിലെ പരീക്ഷയിലാണ് വിചിത്രമായ ചോദ്യം കടന്നുകൂടിയത്. 

12ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരീക്ഷയിലെ മറ്റൊരു ചോദ്യവും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. 'നിങ്ങളുടെ പ്രദേശത്ത് മദ്യത്തിന്റെ വില വര്‍ധിച്ചതിനെക്കുറിച്ചും വ്യാജമദ്യമുണ്ടാക്കുന്നവര്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും പരാതിപ്പെട്ട് ജില്ലാ പോലിസ് മേധാവിക്ക് ഒരു കത്ത് എഴുതുക ?' എന്നതാണ് മറ്റൊരു ചോദ്യം. ഗുജറാത്തില്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം വിവാദത്തിന് വഴിവച്ചിരിക്കുന്നത്.
ശനിയാഴ്ച നടന്ന ഇന്റേണല്‍ പരീക്ഷകളിലാണ് വിവാദചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചോദ്യപേപ്പറില്‍ പിഴവുണ്ടായ കാര്യം ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഭാരത് വധേര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. 

ചോദ്യങ്ങള്‍ തീര്‍ത്തും അധിക്ഷേപകരമായ പരാമര്‍ശമാണ്. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ചോദ്യങ്ങളുണ്ടാക്കിയത് സുഫലം ശാല വികാസ് സങ്കുലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ മാനേജ്‌മെന്റാണെന്നും വിദ്യാഭ്യാസവകുപ്പിന് ഇതില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.