Latest News

കടലാക്രമണം രൂക്ഷം; കീഴൂരില്‍ അര കിലോ മീറ്ററോളം കര കടലെടുത്തു

കാസര്‍കോട്: ജില്ലയുടെ പല ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമായി. പലയിടത്തും കര കടലെടുത്ത് തുടങ്ങി. കീഴൂര്‍, മുസോടി, നാങ്കി, കൊപ്പളം, ചേരങ്കൈ തുടങ്ങിയ പ്രദേശങ്ങളെല്ലാം കടല്‍ക്ഷോഭ ഭീഷണിയിലാണ്.[www.malabarflash.com]

കീഴൂര്‍ കടപ്പുറത്ത് 400 മീറ്ററോളം കര കടലെടുത്തുകഴിഞ്ഞു. മുസോടി, കോയിപ്പാടി കടപ്പുറങ്ങളിലെ അതിരൂക്ഷമായ കടല്‍ക്ഷോഭത്തില്‍ പലര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടിരുന്നു.

അടിയന്തിര നടപടി ആവശ്യപ്പെട്ട് കീഴൂര്‍ നിവാസികള്‍ എംഎല്‍എ അടക്കമുള്ളവരെ ബന്ധപ്പെടുകയും ഉദുമ എംഎഎല്‍എ കെ കുഞ്ഞിരാമന്‍ ഉടന്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. എംഎല്‍എയോടൊപ്പം പ്രദീപ് വള്ളിയോട്, അശോകന്‍ പി കെ, കെ എസ് സാലി കീഴൂര്‍, ഹനീഫ്, എസ് സോമന്‍, അഷ്‌റഫ് തുടങ്ങിയവരും ഉണ്ടായിരുന്നു. അടിയന്തിരമായി കടല്‍ ഭിത്തി പുനര്‍ നിര്‍മിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
കളനാട് വില്ലേജ് ഓഫീസര്‍ ശശിധര പണ്ഡിറ്റ് സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സ്ഥലം സന്ദര്‍ശിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സന്ദര്‍ശിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

കീഴൂര്‍ കടപ്പുറത്ത് ഒരു വൈദ്യുതി പോസ്റ്റ് ഏത് നിമിഷവും വീണേക്കാമെന്ന അവസ്ഥയിലാണുള്ളത്. വൈദ്യുതി വകുപ്പ് അധികൃതരെത്തി ഈ പോസ്റ്റില്‍ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളായി തീരദേശത്തെ വീടുകള്‍ ഇരുട്ടിലായിരുന്നു. എന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ ഉദുമ കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച് അടിയന്തിര നടപടി ആവശ്യപ്പെടുകയും ഉടനടി കെഎസ്ഇബി അധികൃതരെത്തി മറ്റൊരു ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.