Latest News

നിയമസഭാ സമ്മേളനം ആരംഭിച്ചു; പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു, ഖമറുദ്ദീന്‍ കന്നഡയില്‍

തിരുവനന്തപുരം: നിയമനിര്‍മാണങ്ങള്‍ക്കായള്ള 14-ാം കേരള നിയമസഭയുടെ സമ്മേളനത്തിന് തുടക്കം. സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ ജയിച്ച പുതു അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.[www.malabarflash.com]

അരൂരില്‍ അട്ടിമറി വിജയം നേടിയ ഷാനിമോള്‍ ഉസ്മാന്‍, മഞ്ചേശ്വരത്ത് നിന്ന് ജയിച്ച എം സി ഖമറുദ്ദീന്‍, എറണാകുളത്ത് നിന്നുള്ള ടി ജെ വിനോദ്കുമാര്‍ എന്നിവര്‍ ദൈവനാമത്തിലും കോന്നിയില്‍ നിന്നും വട്ടിയൂര്‍കാവില്‍ നിന്നും ചരിത്ര വിജയം നേടിയ ഇടത് അംഗങ്ങളായ കെ യു ജനീഷ്‌കുമാറും വി കെ പ്രശാന്ത് എന്നിവര്‍ ദൃഢപ്രതിജ്ഞയുമാണ് എടുത്തത്. കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്ത് കമറുദ്ദീന്‍ ശ്രദ്ധേയമായി.

സഭ ചേര്‍ന്ന ഉടന്‍ ചോദ്യോത്തരവേളക്കുശേഷം അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ മന്ത്രി ദാമോദരന്‍ കാളാശ്ശേരി എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. കോന്നിയില്‍ നിന്ന് വിജയിച്ച കെ യു ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാലായില്‍ ജയിച്ച മാണി സി കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സഭയില്‍ അദ്ദേഹത്തിന്റെ ആദ്യ ദിനമാണ് ഇന്ന്.

പൂര്‍ണമായും നിയമനിര്‍മാണം ഉദ്ദേശിച്ചിട്ടുള്ളതാണ് സമ്മേളനം. പതിനാറ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ പ്രധാനപ്പെട്ട ബില്ലുകള്‍ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും. എന്നാല്‍ നിയമനിര്‍മാണത്തിനാണ് സഭ ചേര്‍ന്നതെങ്കിലും രാഷ്ട്രീയ വിഷയങ്ങള്‍ തന്നെ വലിയ തോതില്‍ ചര്‍ച്ചയാകും. 

ഉപതിരഞ്ഞെടുപ്പുകളിലെ നേട്ടം ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അരൂരിലെ അട്ടിമറി വിജയം മന്ത്രി ജലീല്‍ ഉള്‍പ്പെട്ട മാര്‍ക്കാദന വിവാദവുമെല്ലാം ഉയര്‍ത്തിയാകും പ്രതിപക്ഷത്തിന്റെ പ്രതിരോധം.

ഉപതിരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങള്‍ വരുന്നതോടെ ഭരണപക്ഷത്തിന്റെ അംഗബലം 91ല്‍ നിന്ന് 93 ആയി വര്‍ധിച്ചു. പ്രതിപക്ഷത്തിന്റേത് 47ല്‍ നിന്ന് 45 ആയി കുറയുകയും ചെയ്തിട്ടുണ്ട്. എന്‍ ഡി എക്ക് രണ്ട് അംഗങ്ങളാണുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.