Latest News

മഞ്ചേശ്വരത്തെ മത്സരം മതനിരപേക്ഷതയും വർഗീയതയും തമ്മിൽ: കോടിയേരി

മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഉജ്വലവിജയം നേടുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. മതനിരപേക്ഷതയും വർഗീയതയും തമ്മിലാണ്‌ ഇവിടെ ഏറ്റുമുട്ടുന്നത്‌.[www.malabarflash.com] 

 2006ലെ തെരഞ്ഞെടുപ്പുഫലം ആവർത്തിക്കും. എൽഡിഎഫ്‌ ഗംഭീര വിജയം നേടും. ഇത‌് തിരിച്ചറിഞ്ഞ‌് യുഡിഎഫും ബിജെപിയും വർഗീയധ്രുവീകരണം സൃഷ്ടിക്കാനാണ‌് ശ്രമിക്കുന്നത‌്. വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച‌് നേട്ടമുണ്ടാക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമം മഞ്ചേശ്വരത്ത്‌ വിലപോവില്ല. ഹൊസങ്കടിയിൽ മാധ്യപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം ശങ്കർറൈ മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥിയാണ‌്. ജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വീകാര്യത യുഡിഎഫിലും ബിജെപിയിലും ഒരുപോലെ അങ്കലാപ്പ‌് സൃഷ്ടിച്ചിട്ടുണ്ട‌്. ബിജെപി ജയിക്കാൻ സാധ്യതയുണ്ടെന്ന്‌ പ്രചരിപ്പിച്ചാണ‌് മുസ്ലീംലീഗ‌ും കോൺഗ്രസും വോട്ടുതേടുന്നത‌്. ലീഗുമായി എൽഡിഎഫ‌് ധാരണയുണ്ടാക്കിയെന്നാണ‌് ബിജെപിയുടെ പ്രചാരണം. രണ്ടും വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ‌്.
ആർഎസ‌്എസുമായി ഒത്തുകളിക്കുന്നത‌് കോൺഗ്രസും മുസ്ലീംലീഗുമാണ്‌. കൂത്തുപറമ്പ‌് തൊക്കിലങ്ങാടി സ‌്കൂൾ സൊസൈറ്റി തെരഞ്ഞെടുപ്പിൽ മൂന്ന‌് ആർഎസ‌്എസുകാരെ വിജയിപ്പിച്ചത‌് ഇതിന‌് തെളിവാണ‌്. സത്യൻ, മനോജ‌്, ബാബു എന്നീ ആർഎസ‌്എസുകാരെയാണ്‌ ജയിപ്പിച്ചത‌്. കോൺഗ്രസിന‌് 210 വോട്ടുണ്ട‌്. ബിജെപിക്ക‌് കേവലം 70 വോട്ടും. എന്നിട്ടും മൂന്ന‌് ആർഎഎസ‌്എസുകാർ വിജയിച്ചു. 

ഇത‌് തെളിയിച്ചാൽ രാഷ്ട്രീയം വിടുമെന്നാണ‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത‌്. ആ അഭിപ്രായത്തിൽ മുല്ലപ്പള്ളി ഉറച്ചുനിൽക്കുന്നുണ്ടോ.ഇക്കാര്യത്തിൽ ജനങ്ങളോട്‌ മാപ്പ്‌ പറയാൻ അദ്ദേഹം തയ്യാറാവണം. 

കണ്ണൂർ ജില്ലയിലെ നടുവിലിൽ ആർഎസ‌്എസിന്റെ പദസഞ്ചലനത്തിന‌് ഭൂമി വിട്ടുകൊടുത്തത്‌ മുസ്ലീം ലീഗാണ്‌. ഇവരാണ്‌ ഇല്ലാത്ത ബന്ധം ആരോപിച്ചു മഞ്ചേശ്വരത്ത്‌ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്‌.
ശബരിമല ഈ തെരഞ്ഞെടുപ്പിൽ വിഷയമേയല്ല. മഞ്ചേശ്വരത്ത‌് ഇത്‌ ചർച്ചയാക്കാൻ ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത‌് വർഗീയ വേർതിരിവുണ്ടാക്കി നേട്ടമുണ്ടാക്കാനാണ‌്. റിവ്യൂ ഹർജി പരിഗണിച്ച‌് സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധി സർക്കാർ നടപ്പിലാക്കും. ശബരിമലയിൽ സ‌്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി വിധി സമ്പാദിച്ചത‌് സംഘപരിവാർ ബന്ധമുള്ളവരാണ‌്.ഈ വസ‌്തുതകളെല്ലാം ജനം മനസിലാക്കിയതാണ‌്. നിലവിൽ ശബരിമലയിൽ ഒരു പ്രശ‌്നവുമില്ല. 

ശബരിമലയെ കലാപഭൂമിയാക്കാൻ ആർഎസ‌്എസിനെ അനുവദിക്കില്ല. ഭരണഘടനാ ബഞ്ചിന്റെ വിധിയെ നിയമസഭയിൽ നിയമം കൊണ്ടുവന്നു മറികടക്കാനാവില്ല എന്ന്‌ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്‌. ഇത്തരം
പ്രചാരണങ്ങളൊന്നും മഞ്ചേശ്വരത്ത‌് വിലപ്പോവില്ല–- ചോദ്യത്തിന്‌ മറുപടിയായി കോടിയേരി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.