Latest News

ആറ് കൊലപാതകങ്ങള്‍; ഓരോ കൊലയ്ക്ക് പിന്നിലും വ്യത്യസ്ത കാരണങ്ങള്‍, ഇല്ലാതാക്കിയത് മാര്‍ഗതടസ്സം നിന്നവരെ

വടകര: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തുന്നതിനും അറസ്റ്റിലായ മുഖ്യപ്രതി ജോളി എന്ന ജോളിയമ്മയ്ക്ക് വ്യത്യസ്തകാരണങ്ങളായിരുന്നു.[www.malabarflash.com]

തന്റെ മാര്‍ഗത്തിന് വിലങ്ങുതടിയായി നിന്നവരെയാണ് ജോലി ഓരോന്നായി കൊന്നുതള്ളിയത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് കുടുംബത്തിലെ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. ആദ്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഭര്‍ത്തൃമാതാവായ അന്നമ്മ തോമസിന്റെ കൊലപാതകമാണ്. 2002 ആഗസ്ത് 22നാണ് റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് മരിക്കുന്നത്. ആട്ടിന്‍സൂപ്പ് കഴിച്ചതിനുശേഷം കുഴഞ്ഞുവീണായിരുന്നു ഇവരുടെ മരണം.

വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നത് അന്നമ്മയായിരുന്നു. ഇവരെ കൊലപ്പെടുത്തിയാല്‍ വീടിന്റെ ഭരണവും സാമ്പത്തികകാര്യങ്ങളും കൈയിലാക്കാമെന്ന ധാരണയിലാണ് ആദ്യകൊലപാതകം നടത്തുന്നത്. രണ്ടാമത്തെ ശ്രമത്തിലാണ് ഇവരെ കൊലപ്പെടുത്താന്‍ ജോളിക്ക് സാധിച്ചതെന്നാണ് പോലിസ് പറയുന്നത്. 

തുടര്‍ന്ന് ആറുവര്‍ഷത്തിനുശേഷം 2008ലാണ് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് മരിക്കുന്നത്. മകന്റെ ഭാര്യയായ ജോളിയുമായി ഏറെ സ്‌നേഹത്തിലായിരുന്നു ടോം തോമസ്. എന്നാല്‍, ഇടക്കാലത്ത് ഇവര്‍ തമ്മില്‍ പിണങ്ങി.
ജോളിക്കും ഭര്‍ത്താവിനും ടോം തോമസ് സ്വത്തുവിറ്റ് പണം നല്‍കി. ഇനി കുടുംബസ്വത്തില്‍ യാതൊരു അവകാശവുമുണ്ടായിരിക്കില്ലെന്ന് പറഞ്ഞതാണ് ടോം തോമസുമായി പിണങ്ങാനുള്ള കാരണം. സ്വത്തുകള്‍ ടോം തോമസ് അമേരിക്കയിലെ മകന് നല്‍കുമെന്ന സംശയവും ജോളിക്കുണ്ടായിരുന്നു. അമേരിക്കയിലെ മകന്റെ അടുത്തേക്ക് പോവാന്‍ ടോം തോമസ് തയ്യാറെടുത്തെങ്കിലും ആ യാത്ര ജോളി മുടക്കി. തുടര്‍ന്നാണ് ടോം തോമസിനെ കൊലപ്പെടുത്തിയത്. 

ദാമ്പത്യജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് 2011ല്‍ ഭര്‍ത്താവ് റോയ് തോമസിനെ ജോളി വകവരുത്തിയത്. റോയ് തോമസിന്റെ മരണത്തില്‍ അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം എം മാത്യു സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. ഇതിലാണ് മരണകാരണം സയനൈഡാണെന്ന് മനസ്സിലാവുന്നത്.

എന്നാല്‍, റോയ് തോമസിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ പോലിസ് എത്തുകയായിരുന്നു. റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് നിര്‍ബന്ധം പിടിക്കുകയും ചെയ്തതിനാലാണ് 2014 ഏപ്രില്‍ 24ന് അമ്മാവനായ എം എം മാത്യുവിനെ ജോളി ഇല്ലാതാക്കിയത്. 

ഇതിനിടയില്‍ ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവുമായി ജോളി പ്രണയത്തിലായി. ഷാജുവിനെപോലൊരാളെ വിവാഹം കഴിക്കണമെന്ന് ജോളി ചിലരോട് പറഞ്ഞിരുന്നു. ഇതിന് പ്രതിബന്ധമായ ഷാജുവിന്റെ ഭാര്യ സിലിയെയും മകള്‍ ആല്‍ഫൈന്‍ ഷാജുവിനെയും ഇതിനാലാണ് കൊലപ്പെടുത്തുന്നത്.

2014 മെയ് ഒന്നിനാണ് ഒരുവയസുള്ള അല്‍ഫൈന്‍ മരിക്കുന്നത്. രണ്ടുവര്‍ഷത്തിനുശേഷം 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യ സിലിയും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ ജോളി തോമസും ഷാജുവും വിവാഹിതരായി. 

ബികോം ബിരുദധാരിയായ ജോളി വീട്ടിലും നാട്ടിലും പറഞ്ഞിരുന്നത് എന്‍ഐടിയില്‍ ലക്ചററാണെന്നാണ്. ഫോട്ടോ പതിച്ച വ്യാജ ഐഡി കാര്‍ഡും ഇവര്‍ക്കുണ്ടായിരുന്നു. രാവിലെ എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് കാറില്‍ പോവുന്ന ഇവര്‍ വൈകീട്ടാണ് തിരിച്ചെത്തുക. എന്‍ഐടിക്കു സമീപം ഇവര്‍ക്ക് ബ്യൂട്ടി പാര്‍ലറുഉണ്ടായിരുന്നു. ഇതിന്റെ മറവിലാണ് ലക്ചററാണെന്ന് എല്ലാവരെയും ധരിപ്പിച്ചിരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.