Latest News

പാവറട്ടി കസ്റ്റഡി മരണം: എട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തൃശൂര്‍ പാവറട്ടിയില്‍ കഞ്ചാവുമായി പിടികൂടിയ പ്രതി രഞ്ജിത്ത് എക്‌സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.[www.malabarflash.com]

സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫിസര്‍മാരായ വി എ ഉമ്മര്‍, എം ജി അനൂപ്കുമാര്‍, അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിധിന്‍ എം മാധവന്‍, വി എം സ്മിബിന്‍, എം ഒ ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവര്‍ വി ബി ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. 

അഡീഷനല്‍ എക്‌സൈസ് കമ്മീഷണറുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറാണ് സസ്‌പെന്റ് ചെയ്ത് ഉത്തരവായത്. 

ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ വെള്ളിയാഴ്ച പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. രഞ്ജിത്ത് മരിച്ചത് മര്‍ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.
അതേസമയം, കേസില്‍ പ്രതിയാവുമെന്ന് ഉറപ്പായതോടെ മര്‍ദനത്തിന് നേതൃത്വം നല്‍കിയ രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍പോയതായി പോലിസ് അറിയിച്ചു. 

കസ്റ്റഡിയില്‍ കൊലപ്പെട്ട രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയ ജീപ്പ് പോലിസ് കസ്റ്റഡിയിലെടുത്തു. ഈ ജീപ്പില്‍വച്ചാണ് രഞ്ജിത്തിന് മര്‍ദനമേറ്റത്. എട്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. മറ്റ് ആറുപേരില്‍നിന്ന് പോലിസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ജീപ്പിലുണ്ടായിരുന്ന മൂന്നാമത്തെ പ്രിവന്റീവ് ഓഫിസര്‍ പ്രശാന്ത് മര്‍ദനത്തെ തുടക്കത്തില്‍തന്നെ എതിര്‍ക്കുകയും പ്രതിഷേധിച്ച് ജീപ്പില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മൊഴി കേസില്‍ നിര്‍ണായകമാവും. 

ഗുരുവായൂര്‍ എസിപി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ രഞ്ജിത്തിന്റെ മുന്‍ ഭാര്യയും ബന്ധുക്കളും രംഗത്തുവന്നിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.