Latest News

മാറ്റം കൊതിക്കുന്ന മനസ്സുകളില്‍ പ്രതീക്ഷയുടെ തിരിനാളമായി എം ശങ്കര്‍ റൈ

മഞ്ചേശ്വരം: മാറ്റം കൊതിക്കുന്ന മനസ്സുകളില്‍ പ്രതീക്ഷയുടെ തിരിനാളമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ശങ്കര്‍ റൈയുടെ മംഗല്‍പ്പാടിയിലേക്കുള്ള വരവ്. മുസ്ലിംലീഗിന്റെ കോട്ടയായ പഞ്ചായത്തില്‍ മുമ്പില്ലാത്ത സ്വീകാര്യതയാണ് ലഭിച്ചത്.[www.malabarflash.com]

അതിന് കാരണവുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളുടെ നേരനുഭവമാണ് മംഗല്‍പ്പാടിക്കാരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. മംഗല്‍പ്പാടി സിഎച്ച്‌സി ഇന്ന് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രിയാണ്. വീടിനടുത്ത അങ്കണവാടി, സ്‌കൂളുകള്‍ എല്ലാം സ്വപ്‌നതുല്യമായി. ശങ്കര്‍ റൈ ജയിച്ചാല്‍ നാടിന്റെ പരാധീനതയ്ക്ക് അവസാനമാകുമെന്ന പ്രതീക്ഷയാണ് ഓളം വെട്ടുന്നത്.
ആവേശപ്പൂരമായാണ് സ്ഥാനാര്‍ഥിപര്യടനം. വീടിന് പുറത്തിറങ്ങാത്ത മുസ്ലിം വീട്ടമ്മമാര്‍ സങ്കോചമില്ലാതെ ഓടിയെത്തുന്നു. കൈവീശി അഭിവാദ്യം. കോടിബയലില്‍നിന്നാണ് പര്യടനത്തിന്റെ തുടക്കം. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഉദ്ഘാടനം. 

ചെറുഗോളിയിലെ സ്വീകരണത്തില്‍ വന്‍ പങ്കാളിത്തം. സോങ്കാലില്‍ ചുവപ്പുകുടയുമേന്തി കാത്തിരിക്കുകയാണ് ചെറുപ്പക്കാര്‍. സ്ഥാനാര്‍ഥി എത്തിയതോടെ കൈപിടിക്കുന്നവരുടെയും സെല്‍ഫിയെടുക്കുന്നവരുടെയും തിരക്ക്.
ബേക്കൂരില്‍ വയോധികയായ ഗിരിജ അനുഗ്രഹിച്ചു. ജയിച്ചുവരണം മാസ്റ്ററേ. കര്‍ഷകനായ മദനപ്പയുടെ വീടും സന്ദര്‍ശിച്ചാണ് മടങ്ങിയത്.
കണ്ണാട്ടിപ്പാറ സ്ഥാനാര്‍ഥിയെത്തിയതോടെ ഇളകി. ജുമാമസ്ജിദില്‍നിന്ന് മടങ്ങുന്നവര്‍ സ്ഥാനാര്‍ഥിയുടെ തുളുപ്രസംഗത്തിന്റെ മാസ്മരികതയില്‍ ലയിച്ചിരിപ്പാണ്.
പച്ചമ്പളയിലും ചിന്നമൊഗറിലും വലിയ ആള്‍ക്കൂട്ടമുണ്ട്. എല്ലാവര്‍ക്കും പറയാനുള്ളത് റേഷന്‍ കാര്‍ഡില്ലാത്തതും വീട് ലഭിക്കാത്തതുമായ പരാതി. ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ വികസനം മരിചിക. സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതികളും ഇവിടുത്തുകാര്‍ക്ക് കേട്ടുകേള്‍വി പോലുമല്ല. ഉമേഷ് ഷെട്ടിയെന്ന വാര്‍ഡംഗം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും നൂറുനാവ്. 

മുട്ടം ഗേറ്റിലും ഒളയത്തും പെരിങ്കടിയിലും കൂടുതലും മത്സ്യത്തൊഴിലാളികളാണ്. ഏണിക്ക് കുത്തിയാല്‍ ഇനി ഫലമില്ലെന്ന് മത്സ്യത്തൊഴിലാളി മുഹമ്മദ്, എല്ലാത്തിനും നമ്മുടെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ പരിഹാരമുണ്ടാക്കുമെന്ന് സ്ഥാനാര്‍ഥി.
ഹിദായത്ത് നഗറും പത്തോടിയും പിന്നിട്ട് മൂസോടിയില്‍. കനത്ത മഴയില്‍ ആവേശം തണുത്തിട്ടില്ല. മഞ്ചേശ്വരം തുറമുഖം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരിന് അഭിവാദ്യവുമായി മത്സ്യത്തൊഴിലാളികളെത്തി. മാസ്റ്ററെ വിജയിപ്പിക്കാന്‍ ഞങ്ങളുമുണ്ടാകും എന്ന് കടലോരമേഖലയുടെ സത്യവാങ്മൂലം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.