തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതിയനുസരിച്ച് ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. പുതിയ ലൈസൻസ് എടുക്കുന്നവർക്ക് നിലവിലുള്ള നടപടിക്രമങ്ങൾ തന്നെയാണ് തുടരേണ്ടത്.[www.malabarflash.com]
ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിന്റെ കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് മുതൽ നൽകാം. ഇതിന് ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരു വർഷം വരെ അവസരമുണ്ട്. ഇക്കാലയളവിൽ നിർദ്ദിഷ്ട ഫീസ് മാത്രം നൽകിയാൽ മതി.
ലൈസൻസ് കാലാവധി അവസാനിക്കുന്ന തീയതി മുതൽ ഒരു വർഷത്തിന് ശേഷം പുതുക്കുന്ന ലൈസൻസിന് 1100 രൂപ പിഴ അടക്കണം. ലൈസൻസിന്റെ കാലാവധിക്ക് ശേഷം രണ്ട് വർഷം വരെ ഈ പിഴ തുക മതിയാകും. എന്നാൽ ഇതിനു ശേഷമുള്ള ഓരോ വർഷത്തിനും 1000 രൂപ കൂടുതൽ പിഴ നൽകണം.
ലൈസൻസ് കാലാവധി അവസാനിച്ച് ഒരു വർഷത്തിന് ശേഷം പുതുക്കുന്നവർ ലൈസൻസ് കോമ്പിറ്റൻസി ടെസ്റ്റിന് വിധേയരാകണം. ഈ ടെസ്റ്റിന് ഓരോ ക്ലാസിനും 50 രൂപ ലേണേഴ്സ് ഫീസും 300 രൂപ ടെസ്റ്റ് ഫീസും നൽകണം. കോമ്പിറ്റൻസി ടെസ്റ്റിന് പരാജയപ്പെട്ടാൽ ഏഴ് ദിവസത്തിനു ശേഷം വീണ്ടും അടുത്ത ടെസ്റ്റെഴുതാം. ഓരോ ക്ലാസിനും 300 രൂപ വീതം ഫീസ് അടക്കണം.
ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകുന്ന ദിവസം മുതൽ അഞ്ച് വർഷം വരെയാണ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി.
സ്വകാര്യ വാഹനങ്ങൾക്ക് 30 വയസിൽ താഴെയുള്ളവർക്ക് 40 വയസ്സുവരെയും 30 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് 10 വർഷത്തേക്കും, 50 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസ്സുവരെ കാലാവധിയിലുമാണ് ലൈസൻസ് പുതുക്കി നൽകുന്നത്. ഒരു വർഷത്തിനുശേഷം ലൈസൻസ് പുതുക്കുമ്പോൾ ലൈസൻസ് കോമ്പിറ്റൻസി ടെസ്റ്റ് പാസാകുന്ന അന്ന് മുതൽ ലൈസൻസ് പുതുക്കി നൽകും.
ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ലൈസൻസ് പുതുക്കണമെന്നും അല്ലാത്ത പക്ഷം ലൈസൻസ് കാലാവധിക്ക് ശേഷം പുതുക്കാൻ നൽകുന്ന തീയതി വരെ ലൈസൻസിന് സാധുത ഉണ്ടായിരിക്കുന്നതല്ലെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
No comments:
Post a Comment